ജുനൈദിന്റെ കൊലപാതകം; സീറ്റ് തര്‍ക്കത്തിലൊതുക്കി റെയില്‍വേ പൊലീസ്

ന്യൂഡല്‍ഹി: ജുനൈദിന്റെ കൊലപാതകം സീറ്റ് തര്‍ക്കത്തിലൊതുക്കി റെയില്‍വേ പൊലീസ്. ജുനൈദിനെ കുത്തിക്കൊലപ്പെടുത്താന്‍ കാരണം സീറ്റു തര്‍ക്കമാണെന്ന് റെയില്‍വേ പൊലീസ് സൂപ്രണ്ട് കമല്‍ദീപ് പറഞ്ഞു. മുഖ്യപ്രതിയായ നരേഷ് റാഥിനെ അറസ്റ്റ് ചെയ്തശേഷം ഫരീദാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു റെയില്‍വേ സൂപ്രണ്ടിന്റെ പ്രതികരണം.
ജുനൈദിന്റെ കൊലപാതകത്തിന് ബീഫുമായി ബന്ധമില്ലെന്ന് പൊലീസ് ആവര്‍ത്തിച്ചു. ബീഫ് സംബന്ധിച്ച പരാമര്‍ശം കേസില്‍ ഇല്ലെന്ന് കമല്‍ദീപ് ആരോപിച്ചു. സീറ്റ് തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് അക്രമത്തിലേക്കും നീങ്ങുകയായിരുന്നു. കുത്തേറ്റ ജുനൈദിനെ ആരും ആശുപത്രിയില്‍ എത്തിച്ചില്ല. രക്തം വാര്‍ന്നാണ് ജുനൈദ് മരിച്ചത്. ജുനൈദിനെ കുത്താനുപയോഗിച്ച കത്തി കണ്ടെത്താനുള്ള ശ്രമം നടത്തുകയാണെന്നും അന്വേഷണം സംഘം പറഞ്ഞു.
മുഖ്യപ്രതി നരേഷ് റാഥിനെ ഫരീദാബാദ് ജില്ലാകോടതി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മഹാരാഷ്ട്രയിലെ ബന്ധുവീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്ന ഇയാള്‍ ശനിയാഴ്ച്ചയാണ് പൊലീസ് പിടിയിലായത്. മുഖ്യപ്രതിയെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്ന് ജുനൈദിന്റെ പിതാവ് ജലാലുദ്ദീന്‍ പറഞ്ഞു. ഇനിയൊരു ജുനൈദ് ആവര്‍ത്തിക്കാതിരിക്കാന്‍ ഇയാള്‍ക്ക് വധശിക്ഷ നല്‍കണമെന്നും ജലാലുദ്ദീന്‍ ആവശ്യപ്പെട്ടു.
ബീഫ് കയ്യിലുണ്ടെന്ന് ആരോപിച്ച് പതിനാറുകാരനായ ജുനൈദിനെ ട്രെയിനില്‍ വെച്ച് കുത്തിക്കൊല്ലുകയായിരുന്നു. പെരുന്നാളിന് മുമ്പായി ഡല്‍ഹി ജുമാ മസ്ജിദ് സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് ട്രെയിനില്‍ വെച്ച് സഹയാത്രികരുടെ വിദ്വേഷത്തിന് ജുനൈദ് ഇരയായത്. തുഗ്ലക്കാബാദില്‍ നിന്നു നോമ്പു തുറയ്ക്കായുള്ള സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജുനൈദിനെയും ഹാഷിം, ഷാക്കിര്‍ എന്നിവരെയും ജനക്കൂട്ടം തന്നെ ആക്രമിക്കുകയായിരുന്നു. ‘ബീഫ് തീനി’കളെന്നും ദേശവിരുദ്ധരെന്നും ആക്രോശിച്ചായിരുന്നു ആക്രമണം.

© 2024 Live Kerala News. All Rights Reserved.