ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ യോഗത്തില്‍ നിതീഷ് കുമാര്‍ പങ്കെടുക്കില്ല

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാളെ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ജെഡിയു നേതാവ് നിതീഷ് കുമാര്‍ പങ്കെടുക്കില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ സമവാക്യം, ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട തീരുമാനം തുടങ്ങിയ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ നിന്നാണ് നിതീഷ് കുമാര്‍ വിട്ടു നില്‍ക്കുന്നത്.വൈറല്‍ പനി ബാധിതനായി ചികിത്സയില്‍ കഴിയുകയാണ് നീതീഷ് കുമാര്‍. അസുഖം നിമിത്തമാണ് നിതീഷ് കുമാര്‍ യോഗത്തില്‍ നിന്നു വിട്ടു നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഞായറാഴ്ച്ച ആരോഗ്യകരമായ പ്രശ്‌നങ്ങളാല്‍ എല്ലാ വാരാന്ത്യങ്ങളിലും നടത്തുന്ന ബീഹാര്‍ മുഖ്യമന്ത്രിയുടെ ലോക് സംവാദ് പരിപാടി അദ്ദേഹം റദ്ദ്‌ചെയ്തിരുന്നു.ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആരായിരിക്കണമെന്നതുള്‍പ്പെടെ പ്രധാന കാര്യങ്ങള്‍ കൂടിയാലോചിക്കുന്ന യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള നിതീഷ് കുമാറിന്റെ തീരുമാനം പ്രതിപക്ഷ പാര്‍ട്ടികളില്‍ ആശയക്കുഴപ്പം സൃഷ്ട്ടിക്കുകയാണ്. ബിജെപിയ്‌ക്കെതിരെ വിശാല സഖ്യത്തിന് നേതൃത്വം നല്‍കിയ നീതീഷ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് ആദ്യഘട്ടത്തില്‍ പിന്തുണ നല്‍കുമെന്ന് പ്രഖ്യപിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.
ബീഹാറില്‍ നിന്നു തന്നെയുള്ള മീരാകുമാറിനെ പിന്തുണയ്ക്കാത്ത നിതീഷിന്‍റെ തീരുമാനത്തെ ചരിത്രപരമായ വിഢിത്തം എന്നാണ് ലാലു പ്രസാദ് യാദവ് വിശേഷിപ്പിച്ചത്. പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ മീരാകുമാറിന്‍റെ പാറ്റ്ന സന്ദര്‍ശനത്തിനു മുന്നോടിയായി നിതീഷ് കുമാര്‍ പാറ്റ്ന വിട്ടു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

© 2024 Live Kerala News. All Rights Reserved.