87 രൂപയ്ക്ക് കോഴിവില്‍പന; ‘സര്‍ക്കാര്‍ വിലയില്‍’ ബോര്‍ഡുവെച്ച് മാതൃകയായി കോഴിവ്യാപാരി; ‘ഈ വിലക്ക് വിറ്റാലും ലാഭം’

കോഴിക്കോട്: സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ഇറച്ചികോഴി വില്‍പന. കോഴിക്കോട്ടെ സിപിആര്‍ ചിക്കന്‍ എന്ന സ്ഥാപനമാണ് 87 രൂപ നിരക്കില്‍ കോഴി വില്‍ക്കുന്നത്. കഴിഞ്ഞദിവസത്തെക്കാളും 31 രൂപ കുറച്ചാണ് ഇന്നത്തെ വില്‍പന. ഡ്രസ് ചെയ്യാത്ത കോഴിയാണ് 87 രൂപയ്ക്ക് വില്‍ക്കുന്നത്. ഡ്രസ് ചെയ്ത കോഴിക്ക് 157 രൂപയാണ് ഈടാക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനമായ കെപ്‌കോ ഇന്നലെ ഒരു കിലോ ഡ്രസ് ചെയ്ത കോഴി വിറ്റത് 158 രൂപയ്ക്കായിരുന്നു. ‘സര്‍ക്കാര്‍ വിലയില്‍’ എന്ന ബോര്‍ഡും കടയുടെ മുമ്പില്‍ തൂക്കിയിട്ടുണ്ട്. ഈ വിലക്ക് വിറ്റാലും ലാഭമാണെന്ന് വ്യാപാരി പറഞ്ഞു.
കോഴിയുടെ വില കുറയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ച് ഇന്ന് കോഴിക്കടകള്‍ അടച്ചിടുമെന്ന് കോഴി വ്യാപാരികള്‍ അറിയിച്ചിരുന്നു. 87 രൂപയ്ക്ക് കോഴി വില്‍ക്കണമെന്ന സര്‍ക്കാര്‍ നിലപാട് മാറ്റാത്തപക്ഷം തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ കോഴിഫാമുകളും വില്‍പ്പനശാലകളും അടച്ചിടുമെന്ന് വിതരണക്കാരുടെ സംഘടനയുടെ നിലപാട്. ഓള്‍ കേരളാ പൗള്‍ട്രി ഫാര്‍മേഴ്സ് ആന്റ് ട്രേഡേഴ്സ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്.
ജിഎസ്ടി നടപ്പാക്കിയതിന് ശേഷം 145 മുതല്‍ 160 രൂപവരെയാണ് കോഴിയിറച്ചിക്ക് വില. ജിഎസ്ടിയില്‍ നികുതിയില്ലാത്ത കോഴി ഇറച്ചിക്ക് പതിനഞ്ച് രൂപയോളം വില കുറയേണ്ട സാഹചര്യത്തിലാണ് ഇരുപതും മുപ്പതും രൂപ കൂട്ടി വില്‍പ്പന നടത്തുന്നത്. ചെറുകിട കോഴി കച്ചവടക്കാര്‍ക്ക് ദിവസം ആയിരം രൂപയോളം ബാധ്യത വരുന്നതാണ് സര്‍ക്കാര്‍ നിര്‍ദേശമെന്നാണ് കോഴിവ്യാപാരികളുടെ നിലപാട്.
ഫാമുകളില്‍ കോഴിക്ക് 87 രൂപയാണ് വില. സര്‍ക്കാര്‍ ഫാമുകള്‍ പോലും കോഴി നല്‍കുന്നത് 88 രൂപക്കാണ് ഇത് കടകളില്‍ എത്തുമ്പോള്‍ 100 മുതല്‍ 125 രൂപവരെയാകും. ഈ സാഹചര്യത്തില്‍ 87 രൂപക്ക് വില്‍പ്പന നടത്തുന്നത് എങ്ങനെയെന്നാണ് വ്യാപാരികള്‍ ചോദിക്കുന്നത്. വില കുറച്ചാല്‍ കോഴി നല്‍കില്ലെന്നാണ് സ്വകാര്യഫാമുകളുടെ നിലപാട്. നികുതി കണക്കാക്കിയല്ല ലഭ്യത കുറഞ്ഞതിനാണ് വില കൂടിയതെന്നും വ്യാപാരികള്‍ പറയുന്നു.
ജിഎസ്ടി പ്രാബല്യത്തില്‍ വന്നിട്ടും കോഴിയിറച്ചിക്ക് വില കൂടുതല്‍ വാങ്ങുന്നതില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. തിങ്കളാഴ്ച മുതല്‍ കോഴിയിറച്ചി 87 രൂപയ്ക്ക് വില്‍ക്കണം അല്ലെങ്കില്‍ ജനം ഇടപെടണം. കോഴി നികുതി പൂര്‍ണായും ഇല്ലാതായിട്ടും വില വര്‍ദ്ധിക്കുകയാണ് ചെയ്തതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജി.എസ്.ടി നടപ്പിലാകുന്നതിന്റെ തൊട്ടുമുമ്പ് ലൈവ് ചിക്കന്റെ വില 14.5 രൂപ നികുതിയടക്കം 103 രൂപയായിരുന്നു. ഇതില്‍ 15 രൂപ നികുതിയായിരുന്നു. അതു കിഴിച്ചാല്‍ 88 രൂപയാണ് വില. ഈ വിലയ്ക്ക് ലൈവ് ചിക്കന്‍ ലഭ്യമാക്കണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. തിങ്കളാഴ്ച മുതല്‍ ഈ വില നിലവില്‍ വരുന്നില്ലെങ്കില്‍ സര്‍ക്കാര്‍ കര്‍ശനനിലപാട് സ്വീകരിക്കുമെന്ന വിവരം കോഴി വ്യാപാരികളെ അറിയിച്ചിട്ടുണ്ടെന്നും തോമസ് ഐസക് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.