ജിഗ്നേഷ് മേവാനി നയിക്കുന്ന ഫ്രീഡം മാര്‍ച്ചിന് ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു; ബിജെപിയുടെ ദലിത് വിരുദ്ധ മനോഭാവത്തിന് തെളിവെന്ന് ജിഗ്നേഷ് മേവാനി

ജിഗ്നേഷ് മേവാനി നയിക്കുന്ന രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച് സംഘടനയ്ക്ക് മാര്‍ച്ച് നടത്താനുള്ള അനുമതി വീണ്ടും ഗുജരാത്ത് പൊലീസ് നിഷേധിച്ചു. മാര്‍ച്ച് സംഘടിപ്പിക്കുന്നതിനുള്ള അനുമതി ആവശ്യപ്പെട്ട് മൂന്ന് പ്രാവശ്യം ഗുജറാത്ത് പൊലീസിനെ സമീപിച്ചെങ്കിലും മൂന്ന് പ്രാവശ്യവും അനുമതി നിഷേധിക്കപ്പെടുകയായിരുന്നു. ‘ആസാദി കൂച്ച്’ എന്ന പേരിട്ട ഫ്രീഡം മാര്‍ച്ചിനാണ് അനുമതി നിഷേധിക്കപ്പെട്ടിരിക്കുന്നത്. ജൂലൈ 12ന് ആരംഭിച്ച് 18ന് അവസാനിക്കുന്ന റാലിക്കാണ് രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച് അനുമതി തേടിയത് . ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍, പട്ടേല്‍ നേതാക്കളായ വരുണ്‍ പട്ടേല്‍ രേഷ്മ പട്ടേല്‍, മുസ്ലിം നേതാക്കള്‍ എന്നിവരുടെ പിന്തുണയോടെയാണ് മാര്‍ച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്.
അനുമതി നിഷേധിച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടിയെ ജിഗ്നേഷ് മേവാനി രൂക്ഷമായി വിമര്‍ശിച്ചു. ദലിത്, മുസ്ലിം, പട്ടേല്‍ വിഭാഗങ്ങളില്‍ നിന്നുമുള്ള പിന്തുണ സംഘപരിവാറിനെയും ബിജെപിയെയും അസ്വസ്ഥതപ്പെടുത്തുകയാണെന്നും ഇത് ബിജെപിയുടെ ദലിത് വിരുദ്ധ മുഖമാണ് കാണിക്കുന്നതെന്നും ജിഗ്നേഷ് മേവാനി പ്രതികരിച്ചു.
പശുവിനെ കശാപ്പ് ചെയ്തു എന്ന്് ആരോപിച്ച് ദലിത് ബാലന്മാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിന്റെ വാര്‍ഷികമായതിനാലാണ് അനുമതി നിഷേധിക്കുന്നത് എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. പൊലീസ് അനുമതി നല്‍കിയില്ലെന്ന കാരണത്താല്‍ ഗാന്ധിനഗറിലെ ഗാന്ധി ആശ്രമിലേക്ക് കാല്‍നട ജാഥ നടത്തിയ മുതിര്‍ന്ന കര്‍ഷക നേതാക്കളെ പൊലീസ് തടഞ്ഞിരുന്നു.
ജൂണ്‍ ഏഴിന് മേധാ പട്കര്‍ നയിച്ച നര്‍മദ് ബച്ചാവോ ആന്ദോളന്‍ റാലി പൊലീസ് തടഞ്ഞത് വാര്‍ത്തയായിരുന്നു. നിരവധി പ്രമുഖ സാമൂഹിക പ്രവര്‍ത്തകരെയാണ് പൊലീസ് തടഞ്ഞത്. പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച നോട്ട് ഇന്‍ മൈ ക്യാംപെയിന് കര്‍ശന നിബന്ധനകളോടെയാണ് അനുമതി നല്‍കിയത്. മൂന്ന് മണി മുതല്‍ ആറ് മണി മാത്രമാണ് സമയം അനുവദിച്ചത്.
അനുമതി ലഭിച്ചില്ലെങ്കിലും ഫ്രീഡം മാര്‍ച്ചുമായി മുന്നോട്ട് പോകുമെന്ന് ജിഗ്നേഷ് മേവാനി മാധ്യമങ്ങളെ അറിയിച്ചു. ഗുജറാത്ത് സര്‍ക്കാരിന് എന്ത് വേണമെങ്കിലും ചെയ്യാമെന്നും ജൂലൈ 12ന് പതിനായിരക്കണക്കിന് പേര്‍ ഫ്രീഡം മാര്‍ച്ചിനായി തടിച്ച് കൂടുമെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.