‘സെന്‍കുമാര്‍ ആട്ടിന്‍ തോലണിഞ്ഞ ചെന്നായയെന്ന് തിരിച്ചറിയാന്‍ വൈകി’; മതസ്പര്‍ധ ഉണ്ടാക്കിയതിന് കേസെടുക്കണമെന്ന് എംഐ ഷാനവാസ്

വര്‍ഗീയ പ്രസ്താവന നടത്തിയ മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ കേസെടുക്കണമെന്ന് എംഐ ഷാനവാസ് എംപി ആവശ്യപ്പെട്ടു. സംഘപരിവാറിനു വേണ്ടിയാണ് സെന്‍കുമാര്‍ പ്രസ്താവനകളിറക്കുന്നത്. അന്ധമായ വര്‍ഗീയതയുടെ തടവറയിയാണ് സെന്‍കുമാറെന്നും അദ്ദേഹം പറഞ്ഞു. മതസ്പര്‍ദ്ധ വളര്‍ത്തുന്നതിന് സെന്‍കുമാറിനെതിരെ കേസെടുക്കണം. സെന്‍കുമാര്‍ ആട്ടിന്‍ തോലണിഞ്ഞ ചെന്നായയെന്ന് തിരിച്ചറിയാന്‍ കേരളം വൈകിയെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റും ആര്‍എസ്എസും തമ്മില്‍ യാതൊരു താരതമ്യവും ഇല്ലെന്ന് മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ പറഞ്ഞിരുന്നു. മതതീവ്രവാദമെന്നു പറയുമ്പോള്‍ ആര്‍എസ്എസ് ഇല്ലേ എന്നു ചോദിക്കുന്നതില്‍ കാര്യമില്ല. ഐഎസും ആര്‍എസ്എസും തമ്മില്‍ ഒരു താരതമ്യവുമില്ല. ഒരു മുസ്ലിമിന് സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയും ആ ജിഹാദ് എന്നത് മറ്റുള്ള മതക്കാരെ മുസ്ലിമാക്കുകയും അമുസ്ലീങ്ങളെ കൊന്നുകളയുകയുമാണ് എന്നും പറയുന്നിടത്താണ് പ്രശ്നം വരുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു.
കുറെയാളുകള്‍ ലൗ ജിഹാദിന് വേണ്ടി നടക്കുകയാണെന്നും സെന്‍കുമാര്‍ പറഞ്ഞു. ലൗ ജിഹാദ് ഇല്ലാത്ത കാര്യമല്ല. സ്നേഹത്തിന്റെ പേരില്‍ മാത്രമുള്ള മതംമാറ്റങ്ങളാണെങ്കില്‍ അത് എല്ലാ വിഭാഗങ്ങളിലും ഒരുപോലെയുണ്ടാകും. പക്ഷേ, എന്തുകൊണ്ട് ഇത് ഏകപക്ഷീയമാകുന്നു. അതുകൊണ്ട് ഇതല്ല ഇസ്ലാമെന്നും സമാധാനത്തിന്റെ മതമാണ് എങ്കില്‍ ഇങ്ങനെയല്ല പോകേണ്ടതെന്നു താഴേത്തലങ്ങള്‍ മുതല്‍ പറഞ്ഞു പഠിപ്പിക്കണം. സര്‍ക്കാരിന് വഴികാട്ടാന്‍ മാത്രമേ ഇതില്‍ സാധിക്കൂ എന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പശുവിന് വേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് പറയുന്ന റംസാന്‍ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ താന്‍ ഈയിടെ കണ്ടു. അത്തരം പ്രസംഗങ്ങള്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കും. ഇങ്ങനെ പ്രസംഗിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. ശേഷിക്കുന്നവരുടെ നിലപാട് മാറ്റാന്‍ ശ്രമിക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞു

© 2023 Live Kerala News. All Rights Reserved.