കോഴി 87 രൂപക്ക് നല്‍കില്ല; സര്‍ക്കാരിനെ വെല്ലുവിളിച്ച് കോഴിവ്യാപാരികള്‍; ജിഎസ്ടിക്ക് ശേഷമുളള പകല്‍കൊളളയില്‍ മാറ്റമുണ്ടാകില്ല

നാളെ മുതല്‍ കോഴിയിറച്ചിക്ക് വിലകുറക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന് കോഴി വ്യാപാരികള്‍. ജിഎസ്ടി നടപ്പാക്കിയതിന് ശേഷം 145 മുതല്‍ 160 രൂപവരെയാണ് കോഴിയിറച്ചിക്ക് വില. ജിഎസ്ടിയില്‍ നികുതിയില്ലാത്ത കോഴി ഇറച്ചിക്ക് പതിനഞ്ച് രൂപയോളം വില കുറയേണ്ട സാഹചര്യത്തിലാണ് ഇരുപതും മുപ്പതും രൂപ കൂട്ടി വില്‍പ്പന നടത്തുന്നത്.
ചെറുകിട കോഴി കച്ചവടക്കാര്‍ക്ക് ദിവസം ആയിരം രൂപയോളം ബാധ്യത വരുന്നതാണ് സര്‍ക്കാര്‍ നിര്‍ദേശമെന്നാണ് കോഴിവ്യാപാരികളുടെ നിലപാട്. ഉല്‍പാദന ചിലവ് പോലും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ വില നിശ്ചയിച്ചതെന്നാണ് ഓള്‍ കേരള ചിക്കന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പറയുന്നു. മന്ത്രിയുടെ തീരുമാനം ഏകപക്ഷീയമാണ് ധനമന്ത്രി കാര്യങ്ങള്‍ പഠിക്കാതെയാണ് വില നിശ്ചയിച്ചിരിക്കുന്നത് ഇത് അംഗീകരിക്കാനാകില്ല
ഫാമുകളില്‍ കോഴിക്ക് 87 രൂപയാണ് വില. സര്‍ക്കാര്‍ ഫാമുകള്‍ പോലും കോഴി നല്‍കുന്നത് 88 രൂപക്കാണ് ഇത് കടകളില്‍ എത്തുമ്പോള്‍ 100 മുതല്‍ 125 രൂപവരെയാകും. ഈ സാഹചര്യത്തില്‍ 87 രൂപക്ക് വില്‍പ്പന നടത്തുന്നത് എങ്ങനെയെന്നാണ് വ്യാപാരികള്‍ ചോദിക്കുന്നത്. വില കുറച്ചാല്‍ കോഴി നല്‍കില്ലെന്നാണ് സ്വകാര്യഫാമുകളുടെ നിലപാട്. നികുതി കണക്കാക്കിയല്ല ലഭ്യത കുറഞ്ഞതിനാണ് വില കൂടിയതെന്നും വ്യാപാരികള്‍ പറയുന്നു.
ജിഎസ്ടി പ്രാബല്യത്തില്‍ വന്നിട്ടും കോഴിയിറച്ചിക്ക് വില കൂടുതല്‍ വാങ്ങുന്നതില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. തിങ്കളാഴ്ച മുതല്‍ കോഴിയിറച്ചി 87 രൂപയ്ക്ക് വില്‍ക്കണം അല്ലെങ്കില്‍ ജനം ഇടപെടണം. കോഴി നികുതി പൂര്‍ണായും ഇല്ലാതായിട്ടും വില വര്‍ദ്ധിക്കുകയാണ് ചെയ്തതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജി.എസ്.ടി നടപ്പിലാകുന്നതിന്റെ തൊട്ടുമുമ്പ് ലൈവ് ചിക്കന്റെ വില 14.5 രൂപ നികുതിയടക്കം 103 രൂപയായിരുന്നു. ഇതില്‍ 15 രൂപ നികുതിയായിരുന്നു. അതു കിഴിച്ചാല്‍ 88 രൂപയാണ് വില. ഈ വിലയ്ക്ക് ലൈവ് ചിക്കന്‍ ലഭ്യമാക്കണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. തിങ്കളാഴ്ച മുതല്‍ ഈ വില നിലവില്‍ വരുന്നില്ലെങ്കില്‍ സര്‍ക്കാര്‍ കര്‍ശനനിലപാട് സ്വീകരിക്കുമെന്ന വിവരം കോഴി വ്യാപാരികളെ അറിയിച്ചിട്ടുണ്ടെന്നും തോമസ് ഐസക് ഫെയ്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.