ഐഎസും ആര്‍എസ്എസും തമ്മില്‍ താരതമ്യമില്ലെന്ന് സെന്‍കുമാര്‍; ‘ദേശീയതയ്ക്ക് എതിരായ മതതീവ്രവാദത്തെയാണ് നേരിടേണ്ടത്’

തിരുവനന്തപുരം: ഇസ്ലാമിക് സ്റ്റേറ്റും ആര്‍എസ്എസും തമ്മില്‍ യാതൊരു താരതമ്യവും ഇല്ലെന്ന് മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍. മതതീവ്രവാദമെന്നു പറയുമ്പോള്‍ ആര്‍എസ്എസ് ഇല്ലേ എന്നു ചോദിക്കുന്നതില്‍ കാര്യമില്ല. ഐഎസും ആര്‍എസ്എസും തമ്മില്‍ ഒരു താരതമ്യവുമില്ല. ഒരു മുസ്ലിമിന് സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയും ആ ജിഹാദ് എന്നത് മറ്റുള്ള മതക്കാരെ മുസ്ലിമാക്കുകയും അമുസ്ലീങ്ങളെ കൊന്നുകളയുകയുമാണ് എന്നും പറയുന്നിടത്താണ് പ്രശ്നം വരുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സെന്‍കുമാറിന്റെ പ്രതികരണം.

‘ജിഹാദിനെക്കുറിച്ച് ഇപ്പോള്‍ അവര്‍ സമുദായത്തെ മനസിലാക്കിയിരിക്കുന്ന, പ്രയോഗിക്കുന്ന രീതിയില്‍ ഒരിക്കലും മനസിലാക്കിക്കാനും പ്രയോഗിക്കാനും പാടില്ല. അത് അവര്‍ക്കു പറ്റുമോ എന്നെനിക്ക് അറിയില്ല. പക്ഷേ, ചില ശ്രമങ്ങള്‍ നമ്മള്‍ നടത്തിയേ പറ്റുകയുള്ളു. ഇപ്പോള്‍ അവര്‍ പറയുന്ന പ്രധാന കാര്യം ജിഹാദ് ആണ്. അതായത് ഒരു മുസ്ലിമിന് സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയും ആ ജിഹാദ് എന്നത് മറ്റുള്ള മതക്കാരെ മുസ്ലിമാക്കുകയും അമുസ്ലീങ്ങളെ കൊന്നുകളയുകയുമാണ് എന്ന് പറയുന്നിടത്താണ് പ്രശ്നം വരുന്നത്.
ടിപി സെന്‍കുമാര്‍

കുറെയാളുകള്‍ ലൗ ജിഹാദിന് വേണ്ടി നടക്കുകയാണെന്നും സെന്‍കുമാര്‍ പറഞ്ഞു. ലൗ ജിഹാദ് ഇല്ലാത്ത കാര്യമല്ല. സ്നേഹത്തിന്റെ പേരില്‍ മാത്രമുള്ള മതംമാറ്റങ്ങളാണെങ്കില്‍ അത് എല്ലാ വിഭാഗങ്ങളിലും ഒരുപോലെയുണ്ടാകും. പക്ഷേ, എന്തുകൊണ്ട് ഇത് ഏകപക്ഷീയമാകുന്നു. അതുകൊണ്ട് ഇതല്ല ഇസ്ലാമെന്നും സമാധാനത്തിന്റെ മതമാണ് എങ്കില്‍ ഇങ്ങനെയല്ല പോകേണ്ടതെന്നു താഴേത്തലങ്ങള്‍ മുതല്‍ പറഞ്ഞു പഠിപ്പിക്കണം. സര്‍ക്കാരിന് വഴികാട്ടാന്‍ മാത്രമേ ഇതില്‍ സാധിക്കൂ എന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പശുവിന് വേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് പറയുന്ന റംസാന്‍ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ താന്‍ ഈയിടെ കണ്ടു. അത്തരം പ്രസംഗങ്ങള്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കും. ഇങ്ങനെ പ്രസംഗിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. ശേഷിക്കുന്നവരുടെ നിലപാട് മാറ്റാന്‍ ശ്രമിക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞു.
കേരളത്തില്‍ മുസ്ലീം കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് പറഞ്ഞ സെന്‍കുമാര്‍ അതില്‍ ആശങ്കയും പ്രകടിപ്പിച്ചു.
കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യാഘടന നോക്കൂ. നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്ലിം കുട്ടികളാണ്. മുസ്ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കും? ‘
ടിപി സെന്‍കുമാര്‍

മതതീവ്രവാദവും ഇടതുപക്ഷതീവ്രവാദവും നേരിടാന്‍ എന്താണ് ചെയ്യേണ്ടതെന്ന് സര്‍ക്കാരിന് എഴുതിക്കൊടുത്തിട്ടുണ്ട്. അത് വെളിപ്പെടുത്താന്‍ കഴിയില്ല. മതതീവ്രവാദം നേരിടാന്‍ സമുദായത്തിന്റെ അകത്ത് നിന്ന് തന്നെ പിന്തുണ വേണം.ഡീ റാഡിക്കലൈസേഷന്‍ പദ്ധതിക്കായി സംസ്ഥാനവ്യാപകമായി 512 പേരെ നിയോഗിച്ചിട്ടുണ്ടെന്നും സെന്‍കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.