തൊഴില്‍ മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയം; നഴ്സുമാരുടെ സമരം തുടരും; പത്തിന് വീണ്ടും ചര്‍ച്ച

ശമ്പള വര്‍ദ്ധനയുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന നഴ്‌സുമാരുടെ സംഘടനയുമായി തൊഴില്‍ മന്ത്രി നടത്തിയ ചര്‍ച്ച പരാജയം. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷനുമായി തൊഴില്‍ മന്ത്രി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. വിഷയത്തില്‍ പത്താം തീയ്യതി വീണ്ടും ചര്‍ച്ച നടക്കും.
നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 13000 രുപ അടിസ്ഥാന ശമ്പളം ഇരുപതിനായിരത്തിനു മുകളിലേക്കുയര്‍ത്തണമെന്നാണ് നഴ്‌സുമാരുടെ ആവശ്യങ്ങളില്‍ പ്രധാനം. ജൂലായ് 8 മുതല്‍ സംസ്ഥാന വ്യാപകമായി സമരം നടത്താനായിരുന്നു നഴ്‌സുമാര്‍ തീരുമാനിച്ചിരുന്നത്. പത്താം തീയ്യതി നടന്ന ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ മാത്രം സംസ്ഥാന വ്യാപകമായ സമരത്തിലേക്ക് നീങ്ങാമെന്ന് നഴ്‌സുമാര്‍ തീരുമാനിച്ചു. ഇന്ന് നാലുമണിക്ക് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനുമായും ചര്‍ച്ചയുണ്ട്. പതിനൊന്നാം തീയ്യതി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്ന് നടന്ന ചര്‍ച്ചയില്‍ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്തിട്ടില്ല. പത്താം തീയ്യതി നടക്കുന്ന ചര്‍ച്ചയില്‍ മാനേജ്‌മെന്റ് പ്രതിനിധികളെയും ഉള്‍പ്പെടുത്തും. ജൂണ്‍ 27ന് തൊഴില്‍ വകുപ്പിന് കീഴിലുള്ള വ്യവസായ ബന്ധ സമിതി നഴ്‌സുമാരുടെ സമരം പരിഹരിക്കാന്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമാകാത്തതിനെ തുടര്‍ന്നാണ് മന്ത്രിയുമായി ഇന്ന് ചര്‍ച്ച നടന്നത്. സുപ്രീംകോടതിയുടെയും സര്‍ക്കാര്‍ നിയോഗിച്ച വിവിധ കമ്മീഷനുകളുടെയും നിര്‍ദേശമുണ്ടായിട്ടും ശമ്പള വര്‍ധന നടപ്പാക്കാത്ത സ്വകാര്യ ആശുപത്രി നിലപാടിനെതിരെയാണ് നഴ്സുമാര്‍ സമരം പ്രഖ്യാപിച്ചത്

© 2024 Live Kerala News. All Rights Reserved.