‘മന്ത്രിയെ ക്ഷണിച്ചില്ലെന്നത് വിവാദമാക്കേണ്ട കാര്യമില്ല’; മൂന്നാര്‍ സര്‍വകക്ഷിയോഗം വിളിച്ചത് ഒരു പാര്‍ട്ടിയെയും അറിയിച്ചിട്ടില്ലെന്ന് കോടിയേരി

മൂന്നാര്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട് സര്‍വകക്ഷി യോഗം വിളിച്ചത് ഒരു പാര്‍ട്ടിയെയും അറിയിച്ചിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യോഗത്തില്‍ റവന്യുമന്ത്രി പങ്കെടുക്കാത്തതില്‍ അസ്വാഭാവികതയില്ല. മറ്റ് പരിപാടികള്‍ ഉളളതിനാലാകും. എല്ലാ യോഗത്തിലും എല്ലാ മന്ത്രിമാരും പങ്കെടുക്കണമെന്നില്ല. ഇത് സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വത്തെ ബാധിക്കില്ല. മന്ത്രിയെ ക്ഷണിച്ചില്ലെന്നത് വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നുരാവിലെ 11 മണിക്ക് തിരുവനന്തപുരത്താണ് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം. ഇന്നു രാവിലെ റവന്യുമന്ത്രി കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കാനായി യാത്ര തിരിച്ചിരുന്നു. റവന്യുമന്ത്രിയെ ഒഴിവാക്കിയാണ് മൂന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. റവന്യുമന്ത്രിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് യോഗം ബഹിഷ്‌കരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.