ദിലീപിന്റെ മാനേജരുമായി സംസാരിച്ചത് പള്‍സര്‍ സുനി തന്നെ; ശബ്ദം പള്‍സറിന്റേതെന്ന് പൊലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമായി സംസാരിച്ചത് പള്‍സര്‍ സുനി തന്നെയെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ശബ്ദം പൊലീസ് കസ്റ്റഡിയിലെടുത്ത വിഷ്ണുവിന്റേതല്ലെന്നും പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റേതാണെന്നും പൊലീസ് കണ്ടെത്തി.
സുനിയുടെ സുഹൃത്ത് വിഷ്ണുവാണ് അപ്പുണ്ണിയെ വിളിച്ചത് എന്നായിരുന്നു ആദ്യം കരുതിയത്. രാവിലെയാണ് ഫോണ്‍ സംഭാഷണം പുറത്തുവന്നത്. ഒന്നരക്കോടി രൂപ ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ജയിലില്‍ നിന്നാണ് വിളിക്കുന്നതെന്ന് സംഭാഷണത്തില്‍ സുനി പറയുന്നത് കേള്‍ക്കാം. താന്‍ എഴുതിയ കത്ത് വായിക്കണമെന്നും ദിലീപിന്റെ മാനേജരോട് പള്‍സര്‍ സുനി ആവശ്യപ്പെടുന്നുണ്ട്.
കേസിലെ പ്രധാനപ്പെട്ട തെളിവുകളില്‍ ഒന്നാണ് ഇപ്പോല്‍ പുറത്തു വന്നിരിക്കുന്ന ഒന്നരമിനുറ്റ് ദൈര്‍ഘ്യമുള്ള ശബ്ദരേഖ. പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്തിനെക്കുറിച്ചു തന്നെയാണ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. സംഭാഷണത്തില്‍ നിരന്തരം എന്തിനാണ് തന്നെ വിളിച്ച് ശല്യപ്പെടുത്തുന്നതെന്നും ഇക്കാര്യത്തില്‍ തന്നെ വിളിക്കണ്ട നിനക്കിഷ്ടമുള്ളത് ചെയ്‌തോ എന്ന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി സുനിയോട് പറയുന്നുണ്ട്.
സുനിലിന്റെ സഹതടവുകാരനായ വിഷ്ണു ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. നിരവധി തവണ ദിലീപിനെയും മാനേജര്‍ അപ്പുണ്ണിയേയും നാദിര്‍ഷയേയും വിഷ്ണു എന്നയാള്‍ വിളിച്ചിരുന്നു എന്നാണ് ഇന്നലെ ദിലീപും നാദിര്‍ഷയും വെളിപ്പെടുത്തിയത്.

© 2022 Live Kerala News. All Rights Reserved.