‘ആദ്യം സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യമൊരുക്കൂ എന്നിട്ടാവാം ആര്‍ഭാടം’; ഉത്തരാഖണ്ഡ് സര്‍ക്കാരിനോട് ഹൈക്കോടതി

നൈനിറ്റാള്‍: സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിനു ശേഷം മതി ആര്‍ഭാടങ്ങളെന്ന് ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാരിനോട് ഹൈക്കോടതി. സര്‍ക്കാര്‍ വിദ്യായലങ്ങളില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി നിര്‍ദേശം.
ജസ്റ്റിസ് രാജീവ് ശര്‍മ്മ, ജസ്റ്റിസ് അലോക് സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. ആര്‍ഭാട വാഹനങ്ങള്‍, ഓഫീസ് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍,എസി തുടങ്ങിയവ വാങ്ങുന്നതിന് കോടതി നിരോധനമേര്‍പ്പെടുത്തി.
കഴിഞ്ഞ നവംബര്‍ പത്തൊമ്പതിന് ദീപക് റാണ എന്നയാള്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ച് സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അത്യാവശ്യമായ സൗകര്യങ്ങള്‍ പോലും സ്‌കൂളുകളില്‍ ഒരുക്കുന്നതില്‍ ബിജെപി സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് കോടതി കണ്ടെത്തി.

വിദ്യര്‍ത്ഥികള്‍ക്കാവശ്യമായ ശൗചാലയം, യൂണിഫോം, ഉച്ചഭക്ഷണം, ക്ലാസ് മുറികളില്‍ ആവശ്യത്തിന് ഇരിപ്പിടം, വെളിച്ചം, ബോര്‍ഡ് തുടങ്ങിയവ ഒരുക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് ആര്‍ഭാട സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് കോടതി ഉത്തരവിട്ടത്.

© 2024 Live Kerala News. All Rights Reserved.