തമിഴ്‌നാട്ടില്‍ ഇപിഎസ് മാത്രമല്ല ടീം ഒപിഎസും മോഡിക്ക് ഒപ്പം തന്നെ; രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോവിന്ദിന് പിന്തുണയേറുന്നു

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് തമിഴ്‌നാട്ടിലെ ഭരണപക്ഷം. ഭിന്നിച്ച് നില്‍ക്കുന്ന അണ്ണാഡിഎംകെ ഇരുപക്ഷവും എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണാ വിമതന്‍ ഒ പനീര്‍ശെല്‍വവും മോഡിയുടെ സ്ഥാനാര്‍ത്ഥിക്ക് ഒപ്പമാണെന്ന് അറിയിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിളിച്ചിരുന്നെന്നും പിന്തുണ തേടിയെന്നും ഒപിഎസ് ക്യാമ്പ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫോണില്‍ വിളിച്ചതോടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കാമെന്ന് അണ്ണാഡിഎംകെ അമ്മ തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും പിന്തുണയറിയിച്ച് ഒപ്പമുണ്ടാകും. ഇന്ന് വൈകുന്നേരത്തോടെ പളനിസാമി ഡല്‍ഹിയിലെത്തും.
നരേന്ദ്ര മോഡി ഫോണില്‍ വിളിച്ച് പിന്തുണ ആവശ്യപ്പെട്ടതോടെയാണ് അണ്ണാഡിഎംകെ അമ്മ വിഭാഗം രാംനാഥ് കോവിന്ദിന് പിന്തുണ നല്‍കാമെന്ന് അറിയിച്ചത്. എംഎല്‍എമാരും എംപിമാരും മന്ത്രിമാരും തമ്മില്‍ കൂടിയാലോചന നടത്തിയതിന് ശേഷമാണ് പിന്തുണ പ്രഖ്യാപിച്ചത്. ഐകകണ്‌ഠേനെയാണ് പിന്തുണ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്ന് പളനിസാമി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

പരപ്പന അഗ്രഹാര ജയിലില്‍ ശശികലയെ കാണാന്‍ പോയ ടിടിവി ദിനകരന്‍ പറഞ്ഞത് ശശികലയാണ് പിന്തുണയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നാണ്. ഇതിന് പിന്നാലെയാണ് പളനിസാമി എന്ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ചത്.
പ്രതിപക്ഷ ഐക്യത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ അവസരത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കാന്‍ പ്രതിപക്ഷം ഇന്ന് യോഗം ചേരുന്നുണ്ട്. ബദല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാവും.

© 2023 Live Kerala News. All Rights Reserved.