ആദ്യ പരിഗണന ഗോപാല്‍ കൃഷ്ണ ഗാന്ധി, അല്ലെങ്കില്‍ പ്രകാശ് അംബേദ്കര്‍; പൊതു സ്ഥാനാര്‍ത്ഥിയില്‍ നിലപാട് വ്യക്തമാക്കി സിപിഐഎം

രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അഭിപ്രായ ഐക്യത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരാനിരിക്കെ നിലപാട് വ്യക്തമാക്കി സിപിഐഎം. എന്‍ഡിഎക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന ഉറച്ച നിലപാടിലാണ് സിപിഐഎമ്മും സിപിഐയും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച നിര്‍ദേശം മുന്നോട്ടവെയ്ക്കും. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ പ്രഥമ പരിഗണന മഹാത്മ ഗാന്ധിയുടെ കൊച്ചുമകന്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിക്കാണെന്നും അദ്ദേഹം അല്ലെങ്കില്‍ ബിആര്‍ അംബേദ്കറുടെ കൊച്ചു മകന്‍ പ്രകാശ് അംബേദ്കറെയാണ് സിപിഐഎം കാണുന്നതെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നും പൊതു സ്ഥാനാര്‍ത്ഥിയുമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.
നേരത്തെ പ്രതിപക്ഷ ഐക്യത്തിന് ഉറപ്പ് നല്‍കിയ നിതീഷ് കുമാര്‍ എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് പ്രതിപക്ഷ നിര യോഗം ചേരുന്നത്. ഒന്നിച്ച് നില്‍ക്കാമെന്ന് ഉറപ്പ് നല്‍കിയ 17 പാര്‍ട്ടികളില്‍ 16ഉം യോഗത്തിനെത്തുമെന്ന് ഇടതുപക്ഷം ഉറപ്പ് പറയുന്നു. ബിഹാര്‍ മുഖ്യമന്ത്രി കാലുമാറിയ സാഹചര്യത്തിലാണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ കുറിച്ച് തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ പ്രതിപക്ഷം യോഗം ചേരുന്നത്.

© 2024 Live Kerala News. All Rights Reserved.