മധ്യപ്രദേശില്‍ പാക് ടീമിന്‍റെ വിജയം ആഘോഷിച്ചവര്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റം പിന്‍വലിച്ചു; കര്‍ണാടകയില്‍ അറസ്റ്റ് ചെയ്തവര്‍ക്ക് ജാമ്യമില്ല

മധ്യപ്രദേശില്‍ പാക് ടീമിന്റെ വിജയം ആഘോഷിച്ചവര്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹകുറ്റം പൊലീസ് പിന്‍വലിച്ചു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് പ്രതികള്‍ക്കെതിരായി ചുമത്തിയ രാജ്യ ദ്രോഹ കുറ്റം പിന്‍വലിച്ചത്. മതപരമായ സംഘര്‍ഷം സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തി എന്ന കുറ്റമാണ് പൊലീസ് ഇപ്പോള്‍ 15 പേര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്.
അന്വേഷണത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ വകുപ്പില്ലെന്ന് കണ്ടെത്തിയതിനാലാണ് സെഷന്‍ 153 എ പ്രകാരം കേസെടുത്തതെനന്ന് ബുര്‍ഹാന്‍പൂര്‍ എസ്പി ആര്‍അര്‍ പരിഹാര്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത 15 പ്രതികളില്‍ ആര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അ്‌ദ്ദേഹം വ്യക്തമാക്കി.
അതേ സമയം കര്‍ണാടകയില്‍ പാക് ടീമിന്റെ വിജയം ആഘോഷിച്ചതിന് അറസ്റ്റ് ചെയ്ത കര്‍ണാടകയിലെ മൂന്ന് പേര്‍ക്കും ജാമ്യം നിഷേധിച്ചു. മതപരമായ വികാരം വ്രണപ്പെടുത്തി എന്ന കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും അതിനാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കില്ലെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച്ചയാണ് ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാക് ടീമിന്റെ വിജയം ആഘോഷിച്ച മുന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ബിജെപി നേതാവിന്റെ പരാതിയിലായിരുന്നു അറസ്റ്റ്.

കുശാല്‍നഗറിനും സോന്തിക്കുപ്പയ്ക്കും ഇടയിലുള്ള ഹൈവേയില്‍ വച്ചാണ് യുവാക്കള്‍ പാക് ടീമിന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചത്. യുവാക്കളുടെ പ്രവൃത്തി വര്‍ഗീയ സംഘട്ടത്തിന് വഴിച്ചേക്കാവുന്ന തരത്തിലുള്ളതാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ രാജേന്ദ്ര പ്രസാദ് പറഞ്ഞു. സഹീര്‍, റിയാസ്, അബ്ദുള്‍ സമദ് എന്നിവരെയാണ് പൊലീസ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.

© 2024 Live Kerala News. All Rights Reserved.