ഗുണനിലവാരമില്ല; പതഞ്ജലിയുടെ ആറ് ഉത്പന്നങ്ങള്‍ക്ക് നേപ്പാളില്‍ നിരോധനം; ഉടന്‍ വിപണിയില്‍ നിന്ന് തിരിച്ചെടുക്കണമെന്ന് സര്‍ക്കാര്‍

നേപ്പാളില്‍ പതഞ്ജലി ഉത്പന്നങ്ങള്‍ക്ക് നിരോധനം. ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട ആറു പതഞ്ജലി ഉത്പന്നങ്ങളാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിരോധിച്ചത്. പതഞ്ജലിയുടെ ദിവ്യ ഗസര്‍ ചൂര്‍ണ, ബഹുചി ചൂര്‍ണ, അംല ചൂര്‍ണ, ത്രിഫല ചൂര്‍ണ, അദിവ്യ ചൂര്‍ണ, അശ്വഗന്ധ എന്നിവയാണ് നിരോധിച്ച ഉത്പന്നങ്ങള്‍.
നിരോധനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതിനാലാണ് നിരോധനമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഉത്തരഖണ്ഡിലെ ദിവ്യ ഫാര്‍മസിയില്‍ നിന്ന് നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ മൈക്രോബിയല്‍ പരിശോധനയിലും പരാജയപ്പെട്ടിരുന്നു.
ഉത്പന്നങ്ങള്‍ ഉടന്‍ തന്നെ വിപണിയില്‍ നിന്ന് തിരിച്ചെടുക്കണമെന്ന് നേപ്പാള്‍ സര്‍ക്കാര്‍ പതഞ്ജലിയ്ക്ക് നിര്‍ദേശം നല്‍കി. കച്ചവടക്കാര്‍ക്ക് പതഞ്ജലി ഉത്പന്നങ്ങള്‍ വില്‍ക്കരുത് എന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ബാബാ രാംദേവിന്റെ പതഞ്ജലി ഉത്പന്നങ്ങളില്‍ 40 ശതമാനവും നിലവാര പരിശോധനയില്‍ താഴെയാണെന്ന് ഹരിദ്വാറിലെ ആയൂര്‍വ്വേദ യുനാനി ഓഫീസ് അറിയിച്ചിരുന്നു. പതഞ്ജലിയുടെ ഉത്പന്നങ്ങള്‍ക്ക് ക്രമത്തില്‍ കൂടുതല്‍ അമ്ല സ്വാഭാവമുണ്ടെന്ന് ഉത്തരഖണ്ഡ് സംസ്ഥാന ലബോറട്ടറിയുടെ റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.