എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് നിതീഷ് കുമാറിന്റെ പിന്തുണ; പ്രതിപക്ഷ ഐക്യത്തെ തള്ളി പാറ്റ്‌നയിലെ ജെഡിയു യോഗം

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കാന്‍ ജെഡിയുവിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോഡി തെരഞ്ഞെടുത്ത രാം നാഥ് കോവിന്ദിന് പിന്തുണ നല്‍കനാണ് ബീഹാറില്‍ ചേര്‍ന്ന ജെഡിയു യോഗം തീരുമാനിച്ചത്. കുറച്ചു നാളായി മോഡിയുമായി പ്രീണന സമീപനം സ്വീകരിക്കുന്ന ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കോവിന്ദിന് പിന്തുണ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രതിപക്ഷ ഐക്യത്തിലും ബദല്‍ സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കാനുള്ള തീരുമാനത്തിനും കനത്ത പ്രഹരമേല്‍പ്പിക്കും ജെഡിയുവിന്റെ കാലുമാറ്റം.
ബിഹാറില്‍ ബിജെപിയെ വീഴ്ത്തി ഭരണം പിടിക്കാന്‍ മഹാസഖ്യത്തിന് രൂപം നല്‍കിയ നിതീഷ് കുമാര്‍ ഇപ്പോള്‍ ബിജെപിക്കൊപ്പം കൂടുന്ന രാഷ്ട്രീയ മാറ്റമാണ് ദേശീയ തലത്തില്‍ കാണാന്‍ സാധിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് കോവിന്ദിനെ പിന്തുണയ്ക്കാനുള്ള തീരുമാനവും. ദളിത് സ്ഥാനാര്‍ത്ഥിയെന്നതിനാല്‍ പിന്തുണ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കെന്ന സൂചനയാണ് നേരത്തെ നിതീഷ് കുമാര്‍ നല്‍കിയതെങ്കിലും പ്രതിപക്ഷ ഐക്യം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിന് മുമ്പ് ഭരണപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനുള്ള തീരുമാനം പ്രതിപക്ഷ കൂട്ടായ്മയ്ക്ക് തിരിച്ചടിയാണ്.

ദളിത് സ്ഥാനാര്‍ത്ഥിയായതിനാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന സൂചന ബിഎസ്പിയുടെ മായാവതിയും നല്‍കിയിരുന്നു. ബിജെപിയുടെ ദളിത് സ്ഥാനാര്‍ത്ഥിയെ എങ്ങനെ എതിര്‍ക്കുമെന്ന ആശങ്കയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെല്ലാമുള്ളത്. ഈ സാഹചര്യത്തില്‍ ബദല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള തീരുമാനത്തില്‍ നിന്ന് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പിന്‍വാങ്ങുമോയെന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്.
കോവിന്ദിനെ പിന്തുണയ്ക്കുന്നതില്‍ ജെഡിയുവില്‍ ഭിന്നതയുണ്ട്. ജെഡിയും കേരളാ ഘടകം ദേശീയ ഘടകത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് അറിയിച്ചു കഴിഞ്ഞു.

© 2024 Live Kerala News. All Rights Reserved.