പ്രതിപക്ഷത്തില്‍ വിള്ളലുണ്ടാക്കി ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം; ബദല്‍ സ്ഥാനാര്‍ത്ഥിയെ തേടി കോണ്‍ഗ്രസ്; തീരുമാനം വ്യാഴാഴ്ച

ന്യൂഡല്‍ഹി: രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചുള്ള ബിജെപിയുടെ നീക്കം പ്രതിപക്ഷ ഐക്യത്തില്‍ വിള്ളലുണ്ടാക്കി. ദളിത് നേതാവും ബിഹാര്‍ ഗവര്‍ണറുമായ രാംനാഥ് കോവിന്ദിനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചതോടെ ബദല്‍ സ്ഥാനാര്‍ത്ഥി എന്നത് കോണ്‍ഗ്രസിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുന്നതായി. ദളിത് സ്ഥാനാര്‍ത്ഥിയെന്ന കാരണത്തില്‍ മായാവതി അടക്കം എന്‍ഡിഎക്ക് പിന്തുണ നല്‍കാന്‍ തീരുമാനമെടുക്കുമെന്ന സാഹചര്യം ഉടലെടുത്തതോടെ ദളിത് സ്ഥാനാര്‍ത്ഥിയെ തന്നെ എതിരാളിയായി നിര്‍ത്തണമെന്ന സമ്മര്‍ദ്ദം കോണ്‍ഗ്രസിന് മേല്‍ ഉണ്ടായി കഴിഞ്ഞു.
ഈ സാഹചര്യത്തില്‍ എന്‍ഡിഎക്കെതിരെ ദളിത് സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തി പ്രതിരോധം ഉയര്‍ത്താനാണ് പ്രതിപക്ഷപാര്‍ട്ടികളുടെ കൂട്ടായ്മ ആഗ്രഹിക്കുന്നത്. വ്യാഴാഴ്ചയ്ക്കുള്ളില്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. പല പേരുകളും പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും ദളിത് സ്ഥാനാര്‍ത്ഥിയെ എന്‍ഡിഎ പ്രഖ്യാപിച്ചതോടെ കൂടുതല്‍ സ്വീകാര്യനായ ഒരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ലെങ്കില്‍ ഒപ്പം നില്‍ക്കുന്ന മായാവതിയുടെ ബിഎസ്പി അടക്കം ‘കൂറുമാറുമെന്ന’ സൂചന നല്‍കി കഴിഞ്ഞു.

മുന്‍ ഗവര്‍ണറും മഹാത്മാഗാന്ധിയുടെ കൊച്ചുമകനുമായ ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ പേര് കോണ്‍ഗ്രസ് ആദ്യം പരിഗണിച്ചിരുന്നെങ്കിലും കോവിന്ദിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ അത് മങ്ങലായി. ദളിത് സ്ഥാനാര്‍ത്ഥിയെ തന്നെ ബദലായി കൊണ്ടുവരാനാണ് ശ്രമിക്കുന്നതെങ്കില്‍ അംബേദ്കറുടെ കൊച്ചുമകന്‍ പ്രകാശ് അംബേദ്കര്‍ക്കും മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാറിനുമാണ് സാധ്യതകള്‍. മുന്‍ കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
ബിജെപിയുടെ ഏകപക്ഷീയ പ്രവണതയെ എതിര്‍ക്കുന്ന ശിവസേനയുടെ വോട്ട് കൂടി മറിയുമോയെന്നും പ്രതിപക്ഷം ശ്രദ്ധിക്കുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.