ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്നു നടക്കും. പ്രതിപക്ഷ പാര്‍ട്ടികളുമായുള്ള ചര്‍ച്ച അവസാനഘട്ടത്തിലെത്തിയ പശ്ചാത്തലത്തിലാണ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ഇന്നു നടത്താന്‍ തീരുമാനിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിച്ചാല്‍ മാത്രമേ രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ച മുന്നോട്ട് പോകുകയുള്ളു എന്ന നിലപാടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിച്ചത്.
സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിച്ചതിനു ശേഷം പ്രതിപക്ഷ പാര്‍ട്ടികളുമായി ബിജെപി രണ്ടാംഘട്ട ചര്‍ച്ച നടത്തും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്താന്‍ ബിജെപി നിയോഗിച്ച സമിതി അംഗങ്ങളായ അരുണ്‍ ജെയ്റ്റ്‌ലി, വെങ്കയ്യ നായിഡു, രാജ്‌നാഥ് സിങ് എന്നിവര്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ നേരില്‍ കണ്ടിരുന്നു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ബിജെപി ആരുടെ പേര് നിര്‍ദേശിക്കുമെന്ന് ഉറ്റുനോക്കുകയാണ് കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവര്‍.
ദക്ഷിണേന്ത്യയില്‍ അണ്ണാഡിഎംകെ, ടിഡിപി, രാം വിലാസ് പാശ്വന്റെ ലോക് ജനശക്തി പാര്‍ട്ടി എന്നിവര്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്‍ഡിഎ സഖ്യ കക്ഷിയായി ശിവസേന സ്ഥാനാര്‍ത്ഥിയെ അറിഞ്ഞതിനു ശേഷം തീരുമാനം അറിയിക്കാം എന്നാണ് പറഞ്ഞത്.
ജൂണ്‍ 23നകം നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ നരേന്ദ്ര മോഡിയും പങ്കെടുക്കുമെന്നാണ് സൂചന.