സുഷമ സ്വരാജെങ്കില്‍ പിന്തുണയ്ക്കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്; തലസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രീയ നീക്കം

ന്യൂ ഡല്‍ഹി: സുഷമ സ്വരാജിനെ ബിജെപി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമെങ്കില്‍ പിന്തുണയ്ക്കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തൃണമൂലുമായി നടത്തിയ ചര്‍ച്ചയിലാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെങ്കില്‍ പിന്തുണയ്ക്കാമെന്ന് മമതാ ബാനര്‍ജിയുടെ പാര്‍ട്ടി അറിയിച്ചത്. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപം കൊള്ളുന്ന സമയത്ത് മമതയുടെ പാര്‍ട്ടി ഇത്തരത്തിലൊരു സമീപനം സ്വീകരിച്ചത് കോണ്‍ഗ്രസ് അടക്കം പാര്‍ട്ടികളുടെ പിന്തുണയോടെ ആകാനാണ് സാധ്യത.
നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഒരവസരം കൂടി നല്‍കിയാലും പിന്തുണയ്ക്കാമെന്ന് തൃണമൂല്‍ അറിയിച്ചിട്ടുണ്ട്. രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാനിരിക്കെയാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോട് തൃണമൂല്‍ കോണ്‍ഗ്രസ് അഭിപ്രായം അറിയിച്ചത്.
നരേന്ദ്ര മോഡിയുടേയും അമിത് ഷായുടേയും കീഴിലേക്ക് എല്ലാം നിയന്ത്രണങ്ങളും പോകാതെ സുഷമയെ പോലെ ഒരാള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് വരുന്നത് കുഴപ്പമില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കണക്കു കൂട്ടല്‍. മോഡി കേഡറില്‍ നിന്നും മാറി നിന്നിട്ടും കേന്ദ്ര മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രിയെന്ന ഖ്യാതിയും ജനങ്ങളുടെ പ്രീതിയും നേടാനായതാണ് സുഷമ വേറിട്ടു നില്‍ക്കാന്‍ കാരണം.

ആര്‍എസ്എസ്, സംഘപരിവാര്‍ ആശയങ്ങളുമായി ഒരു സ്ഥാനാര്‍ത്ഥിയെ ആണ് ബിജെപി മുന്നോട്ട് വെയ്ക്കുന്നതെങ്കില്‍ പ്രതിപക്ഷം ഒന്നായി ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് ആലോചിക്കുന്നത്. എന്‍ഡിഎ പ്രതിപക്ഷവുമായി നടത്തുന്ന ചര്‍ച്ച അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് സുഷമയുടെ പേരിന് പിന്തുണ കിട്ടുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിച്ചാല്‍ മാത്രമേ രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ച മുന്നോട്ട് പോകുകയുള്ളു എന്ന നിലപാടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോഴും സ്വീകരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.