പുതുവൈപ്പ് സമരത്തില്‍ പങ്കെടുത്ത കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരെ കേസും അറസ്റ്റുമായി പൊലീസ്; മൊത്തം കേസെടുത്തിരിക്കുന്നത് 1104 പേര്‍ക്കെതിരെ

വൈപ്പിന്‍: പുതുവൈപ്പില്‍ ഐഒസിയുടെ എല്‍പിഡി സംഭരണകേന്ദ്രത്തിനെതിരെയായി നടന്ന സമരങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പങ്കെടുപ്പിച്ചതിന് മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസ്. ജുവൈനല്‍ ആക്ട് പ്രകാരമാണ് മുളവുകാട് പൊലീസ് കേസെടുത്തിരിക്കുന്നത്. കുട്ടികളുമായി സമരത്തില്‍ പങ്കെടുക്കാന്‍ നഗരത്തിലെത്തിയ ആറ് മാതാപിതാക്കള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പ്രതികള്‍ പൊലീസ് കസ്റ്റഡിയിലായതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു.
വെള്ളിയാഴ്ച്ച് രാവിലെ പദ്ധതി കവാടത്തിന് മുന്നില്‍ നടന്ന സമരത്തില് കുട്ടികളെ പങ്കെടുപ്പിടച്ചതിന് ആറ്‍ മാതാപിതാക്കള്‍ക്കെതിരെ ഞാറയ്ക്കല്‍ പൊലീസ് കേസെടുത്തിരുന്നു. പിന്നീട് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഈ കേസ് ഒഴിവാക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് സമരക്കാരെ ബലം പ്രയോഗിച്ച് നീക്കം ചെയ്തപ്പോള്‍, അടിയും കുത്തും ഏറ്റ് ആറ് കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു.
പദ്ധതി പ്രദേശത്തിനടുത്ത് താമസിക്കുന്നവരാണ് ഇവര്‍. സമരത്തിനായി രക്ഷിതാക്കളെത്തിയപ്പോള്‍, വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ ഇവരെയും കൂടെ കൊണ്ടുവരുകയായിരുന്നു. അതിജീവനത്തിന് വേണ്ടിയുള്ള കുടുംബങ്ങളുടെ സമരമാണിതെന്നും, കുട്ടികള്‍ അതിന്റെ ഭാഗമാണെന്നും സമരസമിതി കേസിനോട് പ്രതികരിച്ചു. എന്നാല്‍ കുട്ടികളെന്ന പരിഗണന പോലും നല്‍കാതെ നിഷ്കരുണം പൊലീസ് ഇവരെ ലാത്തിക്കൊണ്ട് ഉപദ്രവിക്കുകയായിരുന്നെന്ന് സമരസമിതിയും രക്ഷിതാക്കളും ആരോപിക്കുന്നു.
ബുധനാഴ്ച്ച ആരംഭിച്ച പ്രക്ഷോഭത്തില്‍ ഇത് വരെ അഞ്ച് കേസുകളിലായി 1104പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സമരത്തിനായി നഗരത്തില്‍ എത്തിയവര്‍ക്ക് എതിരെ സിറ്റി പൊലീസും മുളവുകാട് പൊലീസും വേറെ കേസെടുത്തിട്ടുണ്ട്.

പൊലീസ് കസ്റ്റഡിയിലെടുത്ത സമരക്കാര്‍ ജാമ്യം ലഭിച്ച ശേഷം പുതുവൈപ്പിലെ സമരപ്പന്തലില്‍ എത്തി. ഇവര്‍ക്കും ആശുപത്രിയില്‍ നിന്നും എത്തിയ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശനിയാഴ്ച്ച സമരസമിതി സ്വീകരണം നല്‍കി.

© 2024 Live Kerala News. All Rights Reserved.