പുതുവൈപ്പിനില്‍ സര്‍ക്കാര്‍ വീണ്ടും വാക്ക് മാറ്റി; പൊലീസ് സഹായത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങി; പൊലീസ് സമരക്കാരെ നേരിടുന്നു

എറണാകുളം പുതുവൈപ്പിനില്‍ ഐഒസിയുടെ എല്‍പിജി പ്ലാന്റിനെതിരെ നടക്കുന്ന സമരം വീണ്ടും ശക്തമാകുന്നു. കഴിഞ്ഞ ദിവസം മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുമായി നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പുകള്‍ തൊട്ടടുത്ത ദിവസം തന്നെ ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതും സമരം പുനരാരംഭിച്ചതും. മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് സമരക്കാര്‍ക്ക് അവസരം ഉണ്ടാക്കാമെന്നും അതുവരെ എല്‍പിജി പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാമെന്നുമാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പുകള്‍. കൊച്ചി മെട്രൊയുടെ ഉദ്ഘാടന ചടങ്ങുകള്‍ക്കായി മുഖ്യമന്ത്രി എത്തുന്നേരം ചര്‍ച്ച നടത്താമെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. സമരസമിതിയും വരാപ്പുഴ അതിരൂപത ആക്ഷന്‍ കൗണ്‍സിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇന്നലെ ചര്‍ച്ച നടന്നിരുന്നില്ല.

കൂടാതെ ചര്‍ച്ച നടക്കുന്നത് വരെ പുതുവൈപ്പിനില്‍ നിന്നും പൊലീസിനെ പിന്‍വലിക്കുമെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചിരുന്നു. ഇത്തരം ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജംക്ഷനില്‍ നടന്നിരുന്ന സമരവും പുതവൈപ്പിനിലെ പ്രക്ഷോഭപരിപാടികളും ഇന്നലെ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഇന്നുരാവിലെ മുതല്‍ പുതുവൈപ്പില്‍ ഐഒസി അധികൃതരും തൊഴിലാളികളും എത്തുകയും പൊലീസ് സംരക്ഷണത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതും സമരം ശക്തമാക്കുമെന്ന് അറിയിച്ചതും.

© 2024 Live Kerala News. All Rights Reserved.