ഒപ്പം യാത്ര ചെയ്യേണ്ടവരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസ് കൈമാറിയില്ല; കുമ്മനത്തിന്റെ യാത്രയില്‍ വിവാദം കൊഴുക്കുന്നു

കൊച്ചി മെട്രോ ഉദ്ഘാടനത്തിനു ശേഷം പ്രധാനമന്ത്രിയോടൊപ്പം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ യാത്ര ചെയ്തത് ഔദ്യോഗികമായി തന്നെ. പ്രധാനമന്ത്രിയുടെ കൂടെ യാത്ര ചെയ്യുന്നവരുടെ പ്രോട്ടോകോള്‍ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയവരില്‍ കുമ്മനം രാജശേഖരനുമുണ്ടായിരുന്നു. എന്നാല്‍ ഈ പട്ടിക കേന്ദ്രം സംസ്ഥാനത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നില്ല. എന്നാല്‍ മറ്റിടങ്ങളിലെ പ്രോട്ടോകോള്‍ പട്ടികകള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്നലെ കൈമാറിയിരുന്നു.
പ്രധാനമന്ത്രിയോടൊപ്പം കുമ്മനം രാജശേഖരന്‍ യാത്ര ചെയ്തത് വിവാദങ്ങളുയര്‍ത്തിയിരുന്നു. ആരോപണ പ്രത്യാരോപണങ്ങളുമായി സിപിഐഎം, ബിജെപി നേതാക്കള്‍ രംഗതെത്തിയിരുന്നു. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടന്ന മെട്രോ യാത്രയില്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കു ഗവര്‍ണര്‍ക്കുമൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ യാത്ര ചെയ്തത് സുരക്ഷാ വീഴ്ച്ചയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇ.ശ്രീധരനെടക്കമുള്ളവരെ വേദിയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചിടത്താണ് ഒരു പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത ഒരാളെ പ്രധാനമന്ത്രിയുടെ പൂര്‍ണമായും ഔദ്യോഗികമായ പരിപാടിയില്‍ ഇടിച്ചു കയറാന്‍ അനുവദിച്ചത് എന്ന് അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു കടകംപള്ളി.

കടകം പള്ളി സുരേന്ദ്രന് മറുപടിയുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗതെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷ നോക്കാന്‍ എസ്. പി. ജിക്കറിയാം അതിന് കടകം പള്ളി വേവലാതിപ്പെടേണ്ടെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ആരു പങ്കെടുക്കണം വേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് പ്രധാനമന്ത്രിയാണെന്നും വിവരക്കേട് പറയുന്നതില്‍ ഒരതിരുണ്ടെന്നും കടകം പള്ളി സുരേന്ദ്രനോട് കെ സുരേന്ദ്രന്‍ പറഞ്ഞു. മെട്രോ ഉദ്ഘാടനത്തില്‍ പ്രധാനമന്ത്രിയോടൊപ്പം ട്രെയിനില്‍ കയറിയ കുമ്മനത്തിന്റെ നടപടി അല്‍പ്പത്തരമാണെന്ന് കടകംപള്ളി വിമര്‍ശിച്ചിരുന്നു.

© 2023 Live Kerala News. All Rights Reserved.