കൊച്ചി മെട്രൊ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു

കൊച്ചി മെട്രൊയുടെ ഉദ്ഘാടനം നാട മുറിച്ച് പ്രധാനമന്ത്രി നിര്‍വഹിച്ചു. തുടര്‍ന്ന് പാലാരിവട്ടം സ്റ്റേഷനില്‍ നിന്നും പത്തടിപ്പാലം വരെയും തിരിച്ചും യാത്ര നടത്തിയ ശേഷമാണ് അദ്ദേഹം കലൂരിലെ ഉദ്ഘാടന വേദിയില്‍ എത്തിയത്. പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവരും മെട്രൊയുടെ കന്നിയാത്രയില്‍ ഉണ്ടായിരുന്നു. പത്തടിപ്പാലത്ത് നിന്നും അതുവരെ സഞ്ചരിച്ചതിന് എതിര്‍വശത്തുളള സ്ഥലത്ത് ഇരുന്നായിരുന്നു പ്രധാനമന്ത്രിയുടെയും സംഘത്തിന്റെയും യാത്ര. കലൂര്‍ സ്റ്റേഡിയത്തിലെ പ്രത്യേകം ഒരുക്കിയ വേദിയിലാണ് ഇനിയുളള ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്.

കൊച്ചി മെട്രോ ഉദ്ഘാടനത്തിനായെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൊച്ചി നാവികസേന വിമാനത്താവളത്തില്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. രാവിലെ 10.15ന് ദല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഐഎന്‍എസ് ഗരുഡ നാവിക വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പ്രൊഫ.കെ.വി.തോമസ് എം.പി., സുരേഷ് ഗോപി എം.പി, എംഎല്‍എമാരായ ഹൈബി ഈഡന്‍, ഒ.രാജഗോപാല്‍, മേയര്‍ സൗമിനി ജയിന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ദക്ഷിണനാവികസേന മേധാവി വൈസ് അഡ്മിറല്‍ എ.ആര്‍.കാര്‍വേ, സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍, ജില്ല കളക്ടര്‍ കെ.മുഹമ്മദ് വൈ. സഫീറുള്ള, ജില്ല പൊലീസ് മേധാവി എം.പി.ദിനേശ് എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഉണ്ടായിരുന്നു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച മുതല്‍ നഗരം കനത്ത സുരക്ഷാ വലയത്തിലാണ്. രണ്ടായിരത്തോളം പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുളളത്. നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാലയങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചു. ഇന്ന് ഉദ്ഘാടനം കഴിഞ്ഞാലും പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് ഉപയോഗിച്ചുളള യാത്ര തിങ്കളാഴ്ച മുതലെ മെട്രൊയില്‍ ആരംഭിക്കു. ഇന്ന് പ്രധാനമന്ത്രിയുമായി നടത്തുന്ന സര്‍വീസ് മാത്രമാണ് ഉണ്ടാകുന്നത്.
ഞായറാഴ്ച അംഗീകൃത വൃദ്ധസദനങ്ങള്‍, അഗതി മന്ദിരങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്കും സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി കെഎംആര്‍എല്‍ ഒരുക്കുന്ന സ്‌നേഹയാത്ര. മെട്രൊയുടെ ശിലാസ്ഥാപന ചടങ്ങില്‍ വിതരണം ചെയ്ത ടിക്കറ്റുളളവര്‍ക്ക് ഞായറാഴ്ച വൈകിട്ട് നാലുമുതല്‍ ആറുവരെ യാത്രയ്ക്ക് അവസരമുണ്ട്. ഇവര്‍ക്ക് പാലാരിവട്ടം, കളമശേരി, ആലുവ എന്നിവിടങ്ങളില്‍നിന്ന് ട്രെയിനില്‍ കയറാം. തിങ്കളാഴ്ച മുതല്‍ രാവിലെ ആറിന് പാലാരിവട്ടത്തുനിന്നും ആലുവയില്‍ നിന്നും ഒരേ സമയം സര്‍വീസ് തുടങ്ങും. രാത്രി പത്തിന് അവസാനിക്കുന്ന സര്‍വീസിന്റെ ഭാഗമായി 219 ട്രിപ്പായിരിക്കും ഉണ്ടാകുക. ഓരോ സര്‍വീസും എട്ടുമുതല്‍ 20 മിനിറ്റ് വരെ ഇടവിട്ടായിരിക്കും.

© 2024 Live Kerala News. All Rights Reserved.