തലശേരി ബ്രണ്ണന്‍ കോളെജിലെ പെല്ലറ്റ് മാഗസിന്‍: ദേശീയപതാകയെ അവഹേളിച്ചതിന് എഡിറ്റര്‍ അടക്കം 13 പേര്‍ക്കെതിരെ പൊലീസ് കേസ്

കണ്ണൂര്‍: തലശേരി ബ്രണ്ണന്‍ കോളെജിലെ മാഗസിന്‍ വിവാദവുമായി ബന്ധപ്പെട്ട് 13 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മാഗസിനിലൂടെ ദേശീയപതാകയെയും ദേശീയ ഗാനത്തെയും അവഹേളിച്ചുവെന്ന പരാതിയിലാണ് ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. സ്റ്റുഡന്റ് എഡിറ്റര്‍ അടക്കമുളളവര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസമാണ് മാഗസിന്‍ കോളേജില്‍ വിതരണം ചെയ്തത്. മാഗസിന്റെ 13ാം പേജിലാണ് വിവാദ ഇല്യുസ്‌ട്രേഷനുള്ളത്. വിവാദമായതോടെ മാഗസിന്‍ വിതരണം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ദേശീയഗാനം തീയറ്ററില്‍ പ്രദര്‍ശിക്കുമ്പോള്‍ രണ്ട് പേര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതാണ് ഇല്യുസ്‌ട്രേഷന്‍.
കാലിയായ കസേരകളും സ്‌ക്രീനില്‍ ദേശീയപതാകയും കാണാം. ‘സിനിമാ തീയറ്ററില്‍ കസേരവിട്ട് എഴുന്നേല്‍ക്കുന്ന രാഷ്ട്രസ്നേഹം, തെരുവില്‍ മനുസ്മൃതി വായിക്കുന്ന രാഷ്ട്രസ്നേഹം’ എന്ന ചെറുവാചകവും കൂടെ നല്‍കിയിട്ടുണ്ട്. സിനിമാ തീയറ്ററുകളില്‍ ദേശീയഗാനമുള്ളപ്പോള്‍ ഇങ്ങനെ ചെയ്യണമെന്നാണോ എസ്എഫ്ഐ പറയുന്നത് എന്ന വ്യാഖ്യാനവുമായി എബിവിപിയാണ് ആദ്യം വിവാദവുമായി എത്തിയത്. കശ്മീരില്‍ പെല്ലറ്റ് ഗണ്‍ ആക്രമണത്തിനെ തുടര്‍ന്ന് കണ്ണ് നഷ്ടപ്പെട്ട കുട്ടിയുടെ ചിത്രമാണ് കവര്‍പേജായി നല്‍കിയിരിക്കുന്നത്, കോളേജിന്റെ 125ാം വര്‍ഷത്തെ മാഗസിനാണ് വിവാദത്തിലായിരിക്കുന്നത്. മാഗസിനിലെ മറ്റ് പല ഇല്യുസ്ട്രേഷനുകളും വിവാദമായിട്ടുണ്ട്. തുടര്‍ന്ന് ഏറെ വിവാദമായ ഭാഗങ്ങള്‍ ഒഴിവാക്കി മാഗസിന്‍ പുറത്തിറക്കുമെന്ന് പ്രതിനിധികള്‍ അറിയിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.