‘പത്ര സ്വാതന്ത്ര്യത്തെ കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് പഠിപ്പിക്കേണ്ട’; മോഡി സര്‍ക്കാര്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നുവെന്ന വിമര്‍ശനത്തിന് സിബിഐയുടെ മറുപടി

ന്യൂഡല്‍ഹി: മോഡി സര്‍ക്കാര്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നുവെന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ വിമര്‍ശനത്തിന് മറുപടിയുമായി സിബിഐ. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എന്‍ഡിടിവി മേധാവിയുമായ പ്രണോയ് റോയിയുടെ വീട്ടില്‍ സിബിഐ നടത്തിയ റെയഡിനെ വിമര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസ് എഴുതിയ എഡിറ്റോറിയലിനെതിരെയാണ് സിബിഐ വക്താവ് മറുപടി നല്‍കിയത്.
ബിജെപി വക്താവിനെ ചര്‍ച്ചയില്‍ നിന്നും എന്‍ഡിടിവി അവതാരിക ഇറക്കി വിട്ടതിന് പിന്നാലെയാണ് ചാനല്‍ മേധാവിയുടെ വീട്ടില്‍ റെയ്ഡ് നടന്നതെന്ന വാദം സിബിഐ തള്ളി. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡെന്നും നൂറോളം സാമ്പത്തികക്കേസുകളില്‍ സിബിഐ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും സിബിഐ വക്താവ് നല്‍കിയ മറുപടിയില്‍ പറയുന്നു. ഒരു വശം മാത്രം കണക്കിലെടുത്താണ് ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍ എഴുതിയതെന്നും സിബിഐ വിമര്‍ശിച്ചു.
ഇന്ത്യയില്‍ ശക്തമായതും സ്വതന്ത്രമായതുമായ നിയമസംവിധാനം നിലനില്‍ക്കുന്നുണ്ട്. ആരോപണ വിധേയനായ വ്യക്തിക്ക് എപ്പോള്‍ വേണമെങ്കിലും സമീപിക്കാവുന്നതാണിത്. ന്യൂയോര്‍ക്ക് ടൈംസ് ഇന്ത്യയെ പത്ര സ്വാതന്ത്യത്തെ കുറിച്ച് പഠിപ്പിക്കേണ്ടതില്ല. വൈവിധ്യമാര്‍ന്ന സംസ്‌കാരവും ജനാധിപത്യമൂല്യങ്ങളുടമാണ ഇന്ത്യയെ നയിക്കുന്നത് സിബിഐ പറയുന്നു.
നരേന്ദ്രമോഡി സര്‍ക്കാരിന് കീഴില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഭീഷണി നേരിടുന്നുവെന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയലില്‍ വിമര്‍ശിച്ചത്.

പ്രണോയ് റോയിയുടെ ഡല്‍ഹിയിലുളള വസതിയിലാണ് സിബിഐ റെയ്ഡ് നടത്തിയത്. ഐസിഐസിഐ ബാങ്കിന് 42 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന പരാതിയിലാണ് റെയ്ഡ്. വിദേശ വിനിമയ ചട്ടം ലംഘിച്ചതിനും വായ്പകള്‍ തിരിച്ചടക്കാത്തതിലും പ്രണോയ് റോയ്, രാധിക റോയ് എന്നിവരുള്‍പ്പെടെ നാലുപേര്‍ക്കെതിരെ സിബിഐ കേസെടുക്കുകയുെ ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.