കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു; ഇ ശ്രീധരനും പ്രതിപക്ഷ നേതാവും മെട്രോ ഉദ്ഘാടന വേദിയില്‍

കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ ഉപദേഷ്ടാവ് ഇ ശ്രീധരനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ഉള്‍പ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇ ശ്രീധരനേയും പ്രതിപക്ഷ നേതാവിനേയും സ്ഥലം എംഎല്‍എയേയും വേദിയില്‍ നിന്നും ഒഴിവാക്കിയ നടപടി വിവാദമായതിനെ തുടര്‍ന്ന് ശ്രീധരനേയും പ്രതിപക്ഷ നേതാവ് ചെന്നിത്തലയേയും സ്ഥലം എംഎല്‍എ പിടി തോമസിനേയും വേദിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് മെട്രോമാനേയും പ്രതിപക്ഷ നേതാവിനേയും ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കിയത്. എന്നാല്‍ പിടി തോമസ് എംഎല്‍എയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അംഗീകരിച്ചില്ല.
ഇ ശ്രീധരനും പ്രതിപക്ഷ നേതാവിനും വേദിയില്‍ ഇടം നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടിക വെട്ടിച്ചുരുക്കി 7 പേരുടെ പട്ടികയാണ് ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ അനുവദിച്ചത്.

പ്രധാനമന്ത്രി, ഗവര്‍ണര്‍,മുഖ്യമന്ത്രി, കേന്ദ്രമന്ത്രി തുടങ്ങി ഏഴ് പേരാണ് ഉദ്ഘാടനവേദിയില്‍ ഉണ്ടാവുകയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ആദ്യം തീരുമാനിച്ചത്. സംസ്ഥാനം നല്‍കിയ 13 പേരുടെ പട്ടിക വെട്ടിച്ചുരുക്കിയാണ് 7 പേരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയത്. ഗതാഗതമന്ത്രി തോമസ് ചാണ്ടി, കൊച്ചി മേയര്‍ സൌമിനി ജെയ്ന്‍, എംപി കെവി തോമസ് എന്നിവരെ കൂടി വേദിയില്‍ ഉള്‍പ്പെടുത്താനായിരുന്നു പ്രാഥമിക തീരുമാനം. മുഖ്യമന്ത്രി കത്തയച്ചതിന് പിന്നാലെയാണ് ശ്രീധരനേയും ചെന്നിത്തലയേയും ഉള്‍പ്പെടുത്തി വേദിയില്‍ 9 പേരായി പുനര്‍ നിശ്ചയിച്ചത്.

© 2023 Live Kerala News. All Rights Reserved.