സന്തോഷ് പണ്ഡിറ്റ് വാക്ക് പാലിച്ചു, സഹായവുമായി ജാതിവിവേചനം തുടരുന്ന ഗോവിന്ദാപുരം കോളനിയിലെത്തി

ജാതിവിവേചനത്തിന്റെ പേരില്‍ ചക്ലിയ സമൂദായംഗങ്ങളെ ഒറ്റപ്പെടുത്തുകയും ഹോട്ടലുകളിലും പൊതു ഇടങ്ങളിലും അകറ്റി നിര്‍ത്തുകയും ചെയ്യുന്നത് തുടരുന്ന ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലേക്ക് സന്തോഷ് പണ്ഡിറ്റ് എത്തി. തമിഴ് ചിത്രത്തില്‍ നിന്നും മമ്മൂട്ടിക്കൊപ്പം അഭിനയിച്ച മാസ്റ്റര്‍ പീസ് എന്ന സിനിമയില്‍ നിന്നും പ്രതിഫലമായി ലഭിച്ച തുക കോളനിയുടെ വികസന പ്രവര്‍ത്തനത്തിനായി വിനിയോഗിക്കുമെന്നായിരുന്നു പണ്ഡിറ്റ് കഴിഞ്ഞ ദിവസം സൗത്ത് ലൈവിനോട് പറഞ്ഞിരുന്നത്. ഇന്നലെ കൊല്ലങ്കോട് എത്തിയ പണ്ഡിറ്റ് രാവിലെ പതിനൊന്നോടെ അംബേദ്കര്‍ കോളനിയിലെത്തി.
ജാതീയ വിവേചനത്തിന് പുറമേ സാമൂഹികമായും സാമ്പത്തികമായും ശോച്യാവസ്ഥയിലാണ് അംബേദ്കര്‍ കോളനി. വലിയ സാമ്പത്തിക മുട്ടിലാണ് കൂടുതല്‍ പേരും. വേറെ ആരെങ്കിലും പറഞ്ഞത് പ്രകാരം ഇവിടെ എന്തെങ്കിലും ചെയ്യാനാകില്ല. നേരിട്ട് വന്ന് കണ്ട് എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. കോളനിയിലെ സാഹചര്യം മനസിലാക്കാനാണ് ഇന്ന് വന്നത്. മുന്നൂറിലേറെ കുടുംബങ്ങള്‍ ഇവിടെയുണ്ട്. അവരില്‍ കുറേ പേര്‍ക്ക് കുറച്ച് ദിവസത്തേക്കുള്ള ആഹാരസാധനങ്ങളും കുട്ടികള്‍ക്കുള്ള പുസ്തകവും ഫീസും അത് പോലുള്ള സഹായവുമാണ് ഇന്ന് നല്‍കിയത്. കൂടുതല്‍ സഹായം തുടര്‍ന്ന് ചെയ്യാനാണ് തീരുമാനം. എല്ലാ സഹായവും എനിക്ക് മാത്രമായി ചെയ്യാനാകില്ല. പരിമിതികളുണ്ട്. വീടില്ലാത്തവര്‍ക്കെല്ലാം വീട് വച്ച് കൊടുക്കാനുള്ള സാമ്പത്തിക ശേഷി എനിക്കില്ല. കുട്ടികളെ പഠിപ്പിക്കാനും വീട് വച്ചുകൊടുക്കാനും സ്‌പോണ്‍സര്‍മാരെ കൂടി കണ്ടെത്തും. പഞ്ചായത്ത് അധികൃതരുമായും സംസാരിച്ചു. എന്നോട് അമ്മ പറഞ്ഞൊരു കാര്യമുണ്ട്. ഒരിടത്ത് അന്ധകാരം പരന്നാല്‍ ആരാണ് അന്ധകാരം ഉണ്ടാക്കിയതെന്ന് അന്വേഷിക്കുകയും അല്ലെങ്കില്‍ ഇരുട്ടിനെ പേടിച്ച് പിന്‍മാറുകയുമല്ല വേണ്ടത്. അവിടെ ഒരു തരി വെളിച്ചമെങ്കിലും കത്തിച്ച് വയ്ക്കാനാണ്. കുറച്ച് ആഴ്ചകള്‍ക്ക് ശേഷം ഞാന്‍ വീണ്ടും ഗോവിന്ദാപുരത്ത് വരും അന്ന് കൂടുതല്‍ സഹായം ചെയ്യാനാകുമെന്നാണ് വിശ്വാസം
സന്തോഷ് പണ്ഡിറ്റ്

മുതലമട പഞ്ചായത്ത് അംബേദ്കര്‍ കോളനിയില്‍ കൗണ്ടര്‍ സമുദായക്കാര്‍ ദളിത് കുടുംബങ്ങളെ അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതി ഉയര്‍ന്നിരുന്നു. കോളനിയിലെ താമസക്കാരായ ചക്ലിയ സമുദായത്തില്‍പ്പെട്ട നൂറ്റമ്പതോളം കുടുംബങ്ങളിലെ സ്ത്രീകളും യുവാക്കളും തങ്ങള്‍ കടുത്ത ജാതി വിവേചനം നേരിടുന്നതായും പറഞ്ഞിരുന്നു. അംബേദ്കര്‍ കോളനിയിലെ ഹോട്ടലുകളില്‍ ചക്ലിയ സമുദായക്കാര്‍ക്ക് പ്രത്യേക ഗ്ലാസുകളിലാണ് ചായയും മറ്റും നല്കുന്നതെന്നും അയിത്തം ഇവിടെ നിലനില്ക്കുന്നുവെന്നുമായിരുന്നു പരാതി.
കോളനിയിലെ കുടിവെള്ള സംഭരണിയില്‍ നിന്നും വെള്ളം എടുക്കുന്നതിനും ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2002 ല്‍ പ്രദേശത്ത് ചക്ലിയ സമുദായക്കാര്‍ക്കു നേരെ അക്രമം നടന്നിരുന്നു. ബാര്‍ബര്‍ ഷോപ്പുകളില്‍ ഇവര്‍ക്ക് മുടിവെട്ടാന്‍ അനുമതിയുമില്ല.

© 2022 Live Kerala News. All Rights Reserved.