‘അടിവസ്ത്രങ്ങള്‍ ഇരുമ്പുകൊണ്ട് നിര്‍മ്മിച്ചതായിരുന്നെങ്കില്‍’; ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെ ലോഹ രക്ഷാകവചമണിഞ്ഞ് അഫ്ഗാനിസ്ഥാനില്‍ യുവതിയുടെ പ്രതിഷേധം

സ്ത്രീകള്‍ക്കെതിരായ ലൈംഗീകാതിക്രമങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ ലോഹ രക്ഷാകവചം ധരിച്ച് തെരുവോരത്തു കൂടി യാത്ര ചെയ്ത് പ്രതിഷേധിക്കുകയാണ് അഫ്ഗാനിസ്ഥാനിലെ യുവ കലാകാരി. ബുര്‍ക്കയ്ക്ക് മുകളില്‍ ലോഹത്തിന്റെ രക്ഷാകവചം കെട്ടി തെരുവോരങ്ങളിലൂടെ ഇവര്‍ നടന്നു പോകുമ്പോള്‍ കണ്ടു നില്‍ക്കുന്നവരെല്ലാം തുറിച്ചു നോക്കുമെങ്കിലും കുബ്ര കാദമിയ്ക്ക് അതൊന്നും ഒരു പ്രശ്‌നമല്ല. അഫ്ഗാന്‍ പോലൊരു യാഥാസ്ഥിത സമൂഹത്തില്‍ ഒറ്റപ്പെട്ട ഈ സ്ത്രീ പ്രതിഷേധത്തിനു നേരെ വിമര്‍ശന ശരങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ടെങ്കിലും കാദമി അവരെയൊന്നും ഗൗനിയ്ക്കുന്നില്ല.
ഒരിക്കല്‍ രക്ഷാകവചം ധരിച്ച റോഡിലൂടെ കാദമി നടന്നുപോകുമ്പോള്‍ ഒരുകൂട്ടം പുരുഷന്മാര്‍ ഇവരെ കടന്നാക്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു. ഗതികെട്ട് കാറില്‍ കയറി രക്ഷപ്പെടുകയാണ് കാദമി അന്ന് ചെയ്തത്. ആക്രമങ്ങളുടെയും ചൂഷണങ്ങളുടെയും കഥ ഇവിടെ തീരുന്നില്ല. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തില്‍ നിന്ന് പിന്നെയും അവള്‍ക്ക് അപമാനം നേരിടേണ്ടി വന്നു. അശ്ലീല ചിത്രങ്ങളും വീഡിയോയും കാദമിയുടെ ഫോണിലേക്ക് അയച്ച് അവര്‍ വിണ്ടും അവളെ അപമാനിച്ചു. ഭീഷണി സന്ദേശങ്ങളും കാദമിയുടെ ഫോണുകളിലേക്ക് നിരന്തരം വന്നു. ഒടുവില്‍ വീട് വിട്ട് മാറിതാമസിക്കേണ്ടി വന്നു ഈ അഫ്ഗാന്‍ യുവതിയ്ക്ക്.

‘സ്ത്രീകളെ രണ്ടാംതരക്കാരായി കാണുന്ന പുരുഷ കേന്ദ്രീകൃത സമൂഹത്തിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. ലൈംഗീക ചൂഷണങ്ങളെ കുറിച്ച് ഞങ്ങള്‍ പരാതിപ്പെടുമ്പോഴെല്ലാം ശരിയായ രീതിയില്‍ വസ്ത്രം ധരിച്ച് നടക്കുന്ന സ്ത്രീകളെ ആരും ആക്രമിക്കില്ലെന്നാണ് അവര്‍ പറയുക. എന്തടിസ്ഥാനമാണ് ഇത്തരത്തിലുള്ള വാദങ്ങള്‍ക്കിവിടെയുള്ളത്. ബുര്‍ഖ ധരിച്ച് യാത്രചെയ്യുന്ന സ്ത്രീകള്‍ പോലും ആള്‍ക്കൂ്ട്ടത്തിനു നടുവില്‍ അപമാനിക്കപ്പെടുന്നു.’
കുബ്ര കാദമി

കുട്ടിക്കാലത്തും കൗമാരത്തിലും പലരില്‍ നിന്നും മോശമായ പെരുമാറ്റം താന്‍ നേരിട്ടിണ്ടെന്നും അവര്‍ പറഞ്ഞു. എന്റെ അടിവസ്ത്രങ്ങള്‍ ഇരുമ്പുറുകള്‍ കൊണ്ട് നിര്‍മ്മിച്ചതായിരുന്നെങ്കില്‍ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.