എണ്ണവില ദിവസവും പുതുക്കുന്നതിനെതിരെ പ്രതിഷേധവുമായി പമ്പുടമകള്‍; ജൂണ്‍ പതിനാറിന് വില്‍ക്കലും വാങ്ങലും നടത്തില്ല

പെട്രോള്‍ ഡീസല്‍ വില ദിനം പ്രതി മാറ്റുന്നതിനെതിരെ പ്രതിഷേധവുമായി പെട്രോള്‍ പമ്പുടമകള്‍. ദിനം പ്രതി എണ്ണ വില മാറുന്നത് പമ്പുടമകള്‍ക്ക് കനത്ത നഷ്ടം വരുത്തുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സിന്റെതാണ് തീരുമാനം.
രാജ്യവ്യാപകമായി ദിനം പ്രതി വില പുതുക്കുന്നത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ജൂണ്‍ പതിനാറിന് പെട്രോള്‍ ഡീസല്‍ തുടങ്ങിയവ വാങ്ങുകയും വില്‍ക്കുകയും ചെയ്യില്ലെന്ന് പമ്പുടമകള്‍ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിയ അഞ്ച് നഗരങ്ങളില്‍ പമ്പുടമകള്‍ക്ക് കനത്ത നഷ്ടമാണ് പുതിയ തീരുമാനം ഉണ്ടാക്കിയതെന്നും തുടര്‍ന്നും ഇത് നടപ്പാക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും പമ്പുടമകള്‍ പറയുന്നു.
മാസം 30 കിലോ ഇന്ധനമാണ് പമ്പുകള്‍ വില്‍ക്കുന്നത്. ഒരു ടാങ്ക് പെട്രോള്‍ ഏഴുമുതല്‍ പത്ത് ദിവസം വരെ ഉണ്ടാകും കൂടാതെ പെട്രോള്‍ കമ്പനിയില്‍ നിന്നും പമ്പില്‍ എത്താന്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും എടുക്കും. അപ്പോള്‍ ദിനം പ്രതി വില പുതുക്കുന്നത് എങ്ങനെ പമ്പുടമകള്‍ക്ക് ലാഭകരമാകും എന്നാണ് ഇവരുടെ വാദം. തുടര്‍ച്ചായായി വില കുറാല്‍ അത് കനത്ത നഷ്ടം വരുത്തി വെക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു.

ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് പൊതുമേഖലാ എണ്ണ വില ദിനം പ്രതി പുതുക്കാന്‍ എണ്ണ കമ്പനികള്‍ തീരുമാനിച്ചത്. രാജ്യത്തെ 53000 ത്തോളം വരുന്ന ഫില്ലിങ് സ്റ്റേഷനുകളില്‍ മിക്കവാറും ഓട്ടോമേഷന്‍ സൗകര്യങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ ദിനം പ്രതി വില നിശ്ചയിക്കുന്നത് തടസ്സമാകില്ലന്നാണ് എണ്ണ കമ്പനികളുടെ വിലയിരുത്തല്‍.
രാജ്യത്ത് രണ്ടാഴ്ച കൂടുമ്പോഴാണ് എണ്ണ വില പുതുക്കുന്നത്. പ്രധാന ആഗോള വിപണികളിലെതല്ലാം തന്നെ എണ്ണ വില ദിനംപ്രതി പരിഷ്‌കരിക്കുന്ന രീതിയാണ് നിലവിലുളളത്. എണ്ണവില ദിവസവും പരിഷ്‌കരിക്കുന്നത് കറന്‍സി മൂല്യത്തിലും, ആഗോളവിപണിയില്‍ ക്രൂഡ്ഓയില്‍ വിലയിലുമുണ്ടാകുന്ന ഏറ്റകുറച്ചിലും മൂലം എണ്ണകമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

© 2024 Live Kerala News. All Rights Reserved.