അമിത് ഷായുടെ ‘ബുദ്ധിമാനായ ബനിയ’ പ്രയോഗം കുഴപ്പം പിടിച്ചതെന്ന് ഗാന്ധിയുടെ കൊച്ചുമകന്‍; ‘ഗാന്ധിയുണ്ടായിരുന്നെങ്കില്‍ ചിരിച്ചുതളളിയേനെ’

ന്യൂഡല്‍ഹി: ഗാന്ധിയെ ജാതിപ്പേര് വിളിച്ച് അഭിസംബോധന ചെയ്ത ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് മറുപടിയുമായി ഗാന്ധിയുടെ കൊച്ചുമകന്‍ ഗോപാല്‍കൃഷ്ണ ഗാന്ധി. അമിത് ഷായുടെ പ്രയോഗം കുഴപ്പം പിടിച്ചതാണെന്നും ഗാന്ധിയുണ്ടായിരുന്നെങ്കില്‍ ചിരിച്ചുതള്ളിയേനെയെന്നും മുന്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ പറഞ്ഞു.

‘ബുദ്ധിമാനായ ബനിയ’ പ്രയോഗം ഗാന്ധി ചിരിച്ചു തള്ളിയേനെ. അത് സന്ദര്‍ഭത്തോട് തീര്‍ത്തും യോജിക്കാത്തതും കുഴപ്പം ഒളിപ്പിച്ചു വെച്ചതുമാണ്.’
ഗോപാല്‍കൃഷ്ണ ഗാന്ധി

കോണ്‍ഗ്രസ് ആശയങ്ങളുടേയും പ്രത്യയശാസ്ത്രത്തിന്റേയും പേരില്‍ ഉണ്ടായ പാര്‍ട്ടിയല്ലെന്നും സ്വതന്ത്ര്യം നേടാനുള്ള ഒരു ഉപാധി മാത്രമാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. അതിനാല്‍ തന്നെ കാര്യങ്ങളെല്ലാം ദീര്‍ഘവീക്ഷണത്തോടെ കണ്ട ‘ബുദ്ധിമാനായ ബനിയ’ സ്വാതന്ത്ര്യം കിട്ടിയ ഉടന്‍ കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നാണ് അമിത് ഷാ പറഞ്ഞത്.
2018ലും- 19ലുമായി നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് ബിജെപി രാജ്യവ്യാപകമായി നടത്തുന്ന തയ്യാറെടുപ്പുകളുടെ ഭാഗമായി ഛത്തീസ്ഗഡ് സന്ദര്‍ശിക്കവെയാണ് അമിത് ഷായുടെ പ്രസംഗം.

© 2024 Live Kerala News. All Rights Reserved.