‘നിന്റെ സമയവും ആകാറായി’; സൗദി അറേബ്യയോട് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍; കരുതിയിരുന്നോളാന്‍ വീഡിയോ ഭീഷണി സന്ദേശം

ദുബായ്: സൗദി അറേബ്യയില്‍ ഭീകരാക്രമണം നടത്തുമെന്ന ഭീഷണി സന്ദേശവുമായി ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍. വീഡിയോ സന്ദേശത്തിലാണ് നിങ്ങളുടെ സമയവും ആകാറായെന്ന് ഐഎസ് ഭീഷണി മുഴക്കുന്നത്. ഇറാനിലെ ടെഹ്‌റാനില്‍ 17 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതിന് പിന്നാലെയാണ് സൗദിയേയും നോട്ടമിട്ടെന്ന് ഐഎസ് പരസ്യമായി പ്രഖ്യാപിച്ചത്.
ഇറാനില്‍ പാര്‍ലമെന്റിലും ഇമാം ഖൊമേനിയുടെ ശവകുടീരത്തിലും കഴിഞ്ഞയാഴ്ച നടത്തിയ ആക്രമണത്തില്‍ 17 പേരെയാണ് ചാവേറുകള്‍ കൊന്നൊടുക്കിയത്. നിരവധി ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആയുധധാരികള്‍ പാര്‍ലമെന്റിലും ഖൊമേനിയുടെ ശവകുടീരത്തിലും കടന്നാണ് ആക്രമണം നടത്തിയത്.
ഉത്തരവാദിത്വം ഏറ്റെടുത്തതിന് പിന്നാലെ ഷിയ മുസ്ലീമുകള്‍ ഭൂരിപക്ഷമുള്ള ഇറാനില്‍ ആക്രമണം തുടരുമെന്ന് ഐഎസ് ആവര്‍ത്തിച്ചിരുന്നു. ദൈവനിഷേധികളായാണ് ഷിയ മുസ്ലീം വിഭാഗത്തെ മതമൗലികവാദികളായ സുന്നി മുസ്ലീം ഭീകരര്‍ കാണുന്നത്.
ടെഹ്‌റാന്‍ ആക്രമണത്തിന് മുമ്പ് എടുത്ത വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അഞ്ച് ഐഎസ് ഭീകരര്‍ ഇറാനിലെ ഷിയ വിഭാഗത്തെ ഭീഷണിപ്പെടുത്തുന്നതും സൗദി അറേബ്യന്‍ ഗവണ്‍മെന്റിനോട് കരുതിയിരുന്നോളാന്‍ പറയുന്നതുമാണ് വീഡിയോയിലുള്ളത്.

‘അള്ളാഹ് അധികാരപ്പെടുത്തിയ, ഈ സേനയാണ് ഇറാനിലെ ആദ്യ ജിഹാദ്, ഞങ്ങളുടെ മുസ്ലീം സഹോദരന്‍മാരോട് ഇത് പിന്തുടരാന്‍ ആവശ്യപ്പെടുകയാണ്. ജ്വലിപ്പിച്ച അഗ്നി അണയാതിരിക്കട്ടെ. അറിഞ്ഞിരുന്നോളൂ, ഇറാന് ശേഷം ഇനി നിന്റെ ഊഴമാണ്. നിങ്ങളുടെ വീടുകളിലെത്തി നിങ്ങളെ ആക്രമിക്കു. ഞങ്ങള്‍ ആരുടേയും ഏജന്റുകളല്ല. അള്ളാഹുവിനെയാണ് അനുസരിക്കുന്നത്, അദ്ദേഹത്തിന്റെ ദൂതരാണ്. ഈ മതത്തിന് വേണ്ടിയാണ് ഞങ്ങള്‍ പോരാടുന്നത്, അല്ലാതെ ഇറാന് വേണ്ടിയോ അറേബ്യന്‍ പ്രദേശങ്ങള്‍ക്കോ വേണ്ടിയല്ല.’
ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ സന്ദേശം

ഇറാഖിലും സിറിയയിലും അധീനപ്രദേശങ്ങളുണ്ടായരുന്നപ്പോള്‍ സൗദി സുരക്ഷാ സേനക്ക് നേരെ ഐഎസ് ആക്രമണം നടത്തിയിരുന്നു.