ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കുന്നു; സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് എല്‍ഡിഎഫിന്റെ അംഗീകാരം; ടു സ്റ്റാറുകള്‍ക്ക് ബിയര്‍-വൈന്‍ ലൈസന്‍സ് മാത്രം

സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയതില്‍ നിയമതടസമില്ലാത്ത എല്ലാ ബാറുകളും തുറക്കുന്നു. സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് എല്‍ഡിഎഫ് അംഗീകാരം നല്‍കിയതോടെയാണിത്. ഇന്നു വൈകിട്ടോടെ ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നതും. സുപ്രീംകോടതിയുടെ പാതയോരത്തെ മദ്യനിരോധനത്തിന്റെ പരിധിയില്‍ വരാത്ത ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകളാണ് തുറക്കുവാന്‍ പോകുന്നത്. ടു സ്റ്റാര്‍ ബാറുകള്‍ക്ക് ഇനിമുതല്‍ ബിയര്‍, വൈന്‍ വില്‍പ്പനയ്ക്കുളള അനുമതി മാത്രമായിരിക്കും നല്‍കുന്നത്. കളളിന്റെ വില്‍പ്പന ഷാപ്പുകള്‍ക്ക് പുറത്തേക്ക് വ്യാപിക്കാനും സര്‍ക്കാര്‍ ആലോചിച്ചിട്ടുണ്ട്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ കളള് വിതരണം ചെയ്യാനും കളള് വ്യവസായം സംരക്ഷിക്കുന്നതിനായി ടോഡി ബോര്‍ഡ് രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.
പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴികെ സംസ്ഥാനത്തെ 730 ബാറുകളാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മദ്യനയത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയത്. ആ സമയത്ത് 38 ബാറുകള്‍ക്ക് മാത്രമാണ് ഫോര്‍സ്റ്റാര്‍ പദവി ഉണ്ടായിരുന്നതും. പൂട്ടിയ 730 ബാറുകള്‍ക്കും സര്‍ക്കാര്‍ ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതില്‍ 615 ബാറുകള്‍ മാത്രമാണ് ബിയര്‍-വൈന്‍ പാര്‍ലറുകളായി രൂപാന്തരപ്പെട്ടത്. ഇതില്‍ 112 സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ ഫോര്‍ സ്റ്റാര്‍ പദവിയുണ്ട്.

© 2024 Live Kerala News. All Rights Reserved.