സംഘടിത വിമര്‍ശനത്തിന് മുന്നില്‍ സഭയില്‍ അടിപതറി ഒ രാജഗോപാല്‍; നിയമ പ്രകാരമുള്ള തീരുമാനങ്ങള്‍ കോടതിയെടുക്കും സഭ ഇടപെടേണ്ടെന്ന മറുപടിയും

കശാപ്പ് നിയന്ത്രണത്തിനായുളള കേന്ദ്രവിജ്ഞാപനം ചര്‍ച്ച ചെയ്യാന്‍ വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തെ വിമര്‍ശിച്ച് ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍. സഭയില്‍ ഈ നിലപാടിന് എതിരായി സംസാരിക്കാന്‍ താനൊരാള്‍ മാത്രമാണ് ഉളളതെന്നും അതിനാല്‍ സമയം കൂടുതല്‍ അനുവദിക്കണമെന്നും പറഞ്ഞാണ് രാജഗോപാല്‍ പ്രസംഗിച്ച് തുടങ്ങിയതും. പ്രത്യേക നിയമസഭാ സമ്മേളനമെന്നത് കേന്ദ്ര വിരുദ്ധ പ്രചാരണത്തിന് മാത്രമാണെന്ന് രാഷ്ട്രീയ ശിശുക്കള്‍ക്ക് വരെ അറിയാം. വിലകുറഞ്ഞ രാഷ്ട്രീയ മുതലെടുപ്പാണ് ശ്രമം.
കൂടാതെ സമൂഹത്തില്‍ സംഘര്‍ഷം സൃഷ്ടിക്കാനുമാണ് നീക്കം. വാസ്തവത്തില്‍ കൃഷിക്കാരെ സഹായിക്കാന്‍ വേണ്ടിയിട്ടാണ് സര്‍ക്കാര്‍ ഈ വിജ്ഞാപനം പുറപ്പെടുവിച്ചത്. കൃഷിക്കാരന്റെ നിലനില്‍പ്പിന് കന്നുകാലി സമ്പത്ത് ആവശ്യമാണ്. കേന്ദ്ര വിജ്ഞാപനം പുറപ്പെടുവിച്ചിട്ട് നാലുമാസമായി. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും പറഞ്ഞിരുന്നു. അതിന് ഇനിയും സമയവുമുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചിരിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം കൊണ്ടാണ്.
നിയമപ്രകാരമുളള തീരുമാനങ്ങള്‍ എടുക്കേണ്ടത് കോടതിയാണ്, നിയമസഭയല്ല. തിരുവനന്തപുരത്തെ ബിജെപി ഓഫിസ് തകര്‍ത്തവരാണ് ഫാസിസത്തെക്കുറിച്ച് പറയുന്നതെന്നും വ്യക്തമാക്കിയാണ് രാജഗോപാല്‍ പ്രസംഗം അവസാനിപ്പിച്ചത്. മൂന്നരമിനിറ്റ് അധികസമയമാണ് രാജഗോപാലിനായി സ്പീക്കര്‍ നല്‍കിയത്. രാജഗോപാലിന്റെ പ്രസംഗത്തിനിടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ശബ്ദമുയര്‍ത്തി പ്രതിഷേധിച്ചു.

© 2024 Live Kerala News. All Rights Reserved.