മകളുടേത് സാധാരണ വിവാഹമെന്ന് ഗീതാഗോപി എംഎല്‍എ; ആര്‍ഭാട വിവാഹത്തില്‍ സിപിഐ വിശദീകരണം തേടി; ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കണം

തൃശൂര്‍: നാട്ടിക എംഎല്‍എ ഗീത ഗോപിയുടെ മകളുടെ ആര്‍ഭാട വിവാഹം വിവാദത്തിലേക്ക്. വിവാഹങ്ങള്‍ ലളിതമായി നടത്തണമെന്ന് പാര്‍ട്ടിയുടെ തന്നെ നിര്‍ദേശമുളളപ്പോഴാണ് സിപിഐ എംഎല്‍എയുടെ മകളുടെ ആര്‍ഭാട വിവാഹം അരങ്ങേറിയതും. സാമൂഹിക മാധ്യമങ്ങളിലും പാര്‍ട്ടിക്കകത്തും ആര്‍ഭാട വിവാഹം വിവാദമായതിനെ തുടര്‍ന്ന് സിപിഐ സംസ്ഥാന കമ്മിറ്റി വിശദീകരണം തേടിയിട്ടുണ്ട്. പാര്‍ട്ടി ജില്ലാ കമ്മിറ്റിയോട് ഇക്കാര്യത്തില്‍ വിശദീകരണം തേടി റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചത്.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ പൂന്താനം ഹാളില്‍ തിങ്കളാഴ്ചയാണ് ഗീതാഗോപിയുടെ മകള്‍ ശില്‍പ്പയുടെ വിവാഹം നടന്നത്. മകള്‍ ആഭരണങ്ങള്‍ കൊണ്ട് മൂടി നില്‍ക്കുന്ന വിവാഹ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് ചര്‍ച്ചകളും വിവാദങ്ങളും ആരംഭിക്കുന്നത്. സര്‍വാഭരണ വിഭൂഷിതയായാണ് ശില്‍പ്പ വിവാഹ വേദിയില്‍ എത്തിയത്. 95,000 രൂപയോളം വാടകയുളള ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം.

ദേവസ്വം ഓഡിറ്റോറിയത്തില്‍ സസ്യേതര ഭക്ഷണം വിളമ്പാന്‍ കഴിയാത്തത് മൂലം തലേന്നാള്‍ മറ്റൊരു ആഡംബര ഓഡിറ്റോറിയത്തിലും വിരുന്ന് നടന്നിരുന്നു. ഈ വിരുന്ന് സല്‍ക്കാരവും വിവാദമായിട്ടുണ്ട്. ഗുരുവായൂര്‍ ദേവസ്വത്തിലെ ക്ലാസ് ഫോര്‍ ജീവനക്കാരനാണ് എംഎല്‍എയുടെ ഭര്‍ത്താവ്. ഈ മാസം പത്തിനുചേരുന്ന സിപിഐ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയും ആര്‍ഭാട വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നിരവധി നേതാക്കള്‍ വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം തന്റെ മകളുടേത് സാധാരണ വിവാഹം പോലെത്തന്നെയാണ് നടത്തിയതെന്നാണ് ഗീതാഗോപി വ്യക്തമാക്കിയത്.

© 2024 Live Kerala News. All Rights Reserved.