ജയിലില്‍ നിന്നും വിട്ടയക്കാന്‍ ശുപാര്‍ശ ചെയ്തത് 39 പേരെ മാത്രമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍; മറ്റുള്ളവര്‍ക്ക് ശിക്ഷാ കാലയളവില്‍ ഇളവ് മാത്രം

സംസ്ഥാനത്തെ ജയിലിലെ നല്ലനടപ്പ് പരിഗണിച്ച് സാധാരണ നടപടിക്രമമെന്ന നിലയില്‍ ശിക്ഷാ കാലാവധി തീരാത്ത 39 തടവുകാരെ മാത്രമാണ് വിട്ടയക്കാന്‍ ജയില്‍ ഉപദേശക ബോര്‍ഡിന്റെ ശുപാര്‍ശ ലഭിച്ചിട്ടുള്ളതെന്നും കൂട്ടത്തോടെ തടവുകാരെ വിട്ടയക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാര്‍ ഹൈകോടതിയില്‍ വ്യക്തമാക്കി. മറ്റുചില തടവുകാര്‍ക്ക് ആകെ തടവുകാലാവധിയില്‍നിന്ന് മുന്‍കൂറായി കുറെ കാലയളവ് ഇളവുചെയ്യുന്ന പ്രത്യേക രീതി നടപ്പാക്കാന്‍ മാത്രമാണ് ശിപാര്‍ശ ചെയ്തിട്ടുള്ളതെന്നും ആഭ്യന്തര അണ്ടര്‍ സെക്രട്ടറി ആര്‍. സുഭാഷ് സത്യവാങ്മൂലത്തില്‍ പറയുന്നു.
കേരളപ്പിറവി ദിനാഘോഷത്തിന്റെ പേരില്‍ പ്രത്യേക ശിക്ഷായിളവ് നല്‍കി തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ തൃശൂരിലെ പൊതുപ്രവര്‍ത്തകന്‍ പി.ഡി. ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം. സാധാരണ നടപടിക്രമത്തിന്റെ ഭാഗമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് 19 ഉം വിയ്യൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്ന് ആറുവീതം, ചീമേനി, നെട്ടുകാല്‍ത്തേരി തുറന്ന ജയിലുകളില്‍നിന്ന് നാലുവീതവും തടവുകാരെ മോചിപ്പിക്കാനുള്ള ശുപാര്‍ശയാണ് ജയില്‍ ഉപദേശക സമിതി നല്‍കിയിട്ടുള്ളത്. എന്നാല്‍, കാലാവധി പൂര്‍ത്തിയാക്കാത്ത ആരെയും ജയില്‍ മോചിതരാക്കരുതെന്ന കോടതിയുടെ ഇടക്കാല ഉത്തരവുമൂലം ഈ ശുപാര്‍ശയില്‍ നടപടികള്‍ നിലച്ചിരിക്കുകയാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
Also Read: 2262 തടവുകാരെ കേരളം വിട്ടയക്കുന്നു; ജയില്‍ മേധാവിയുടെ റിപ്പോര്‍ട്ട് സൂക്ഷ്മ പരിശോധനയ്ക്ക് കൈമാറി; മോചനം കേരളപ്പിറവി വജ്രജൂബിലിയുടെ ഭാഗമായി
ജയിലിലെ നല്ലനടപ്പിന്റെ അടിസ്ഥാനത്തില്‍ തടവുകാര്‍ക്ക് ശിക്ഷാ കാലാവധിയില്‍ പ്രത്യേക ഇളവനുവദിക്കുന്നതിനെയാണ് തെറ്റിദ്ധരിച്ച് ശിക്ഷയിളവ് നല്‍കി വിട്ടയക്കുന്നു എന്ന് പരാതി ഉയര്‍ന്നിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് പ്രത്യേക ഇളവനുവദിച്ച് തടവുകാരുടെ പട്ടിക ഗവര്‍ണര്‍ക്കയച്ചത്. ഇതില്‍ കൊലപാതകം തൊഴിലാക്കിയവര്‍, വാടകക്കൊലയാളികള്‍, രാജ്യദ്രോഹ കുറ്റത്തിനു ശിക്ഷിച്ചവര്‍, കള്ളക്കടത്തുമായി ബന്ധപ്പെട്ടു കൊല നടത്തിയവര്‍, ജയില്‍ ഉദ്യോഗസ്ഥരെ കൊല ചെയ്തവര്‍, സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ച് കൊല ചെയ്തവര്‍, 65നു മേല്‍ പ്രായമുള്ളവരെ കൊല ചെയ്തവര്‍, ലഹരിമരുന്നു കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍, വിദേശികളായ തടവുകാര്‍ എന്നിവരെയൊന്നും പരിഗണിക്കരുതെന്നു സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ ശുപാര്‍ശ ചില വ്യക്തതകള്‍ക്കു വേണ്ടി ഗവര്‍ണര്‍ തിരിച്ചയക്കുകയും ചെയ്തിരുന്നു.
Also Read: തന്നിഷ്ടം നടപ്പാക്കാനുള്ള കൈയൊപ്പല്ല, ജനവിധി

തുടര്‍ന്ന് സംസ്ഥാന രൂപവത്കരണത്തിന്റെ 60ാം വാര്‍ഷികം പ്രമാണിച്ച് ഈ ലിസ്റ്റ് പരിശോധിക്കാന്‍ ആഭ്യന്തര അഡീഷനല്‍ സെക്രട്ടറി ഷീലാറാണി ചെയര്‍പേഴ്‌സണായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇപ്രകാരം ജയില്‍വകുപ്പ് നല്‍കിയ ലിസ്റ്റില്‍ നിന്നും ടിപി കേസ് പ്രതികളേയും ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിനേയും അടക്കം 61 പേരെ ഒഴിവാക്കിയാണ് സര്‍ക്കാര്‍ ലിസ്റ്റ് കൈമാറുന്നത്.

© 2024 Live Kerala News. All Rights Reserved.