കോണ്‍ഗ്രസ് ദേശീയ നേതാവിന്റെ മകനെതിരെ പരാതിയുമായി സരിത വീണ്ടും; പ്രതിരോധ ഇടപാടില്‍ പങ്കാളിയാക്കാമെന്ന് വാക്കു നല്‍കിയെന്ന് ആരോപണം

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പുതിയ പരാതിയുമായി സരിത എസ് നായര്‍. പ്രതിരോധ ഇടപാടുകളില്‍ പങ്കാളിയാക്കാന്‍ സഹായിക്കാമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ ഉറപ്പുനല്‍കിയെന്ന വെളിപ്പെടുത്തലുമായിട്ടാണ് ക്രൈംബ്രാഞ്ചിന് സരിത എസ് നായരുടെ പരാതി. കോണ്‍ഗ്രസ് ദേശീയ നേതാവിന്റെ മകന്റെയും യുഡിഎഫ് ഘടകകക്ഷിയിലെ പ്രമുഖ നേതാവിന്റെയും പേരുകളാണ് പരാതിയില്‍ പരാമര്‍ശിക്കുന്നത്.
ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത 2016 ജൂലൈയില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പുനരന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദേശവും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാതി. ചില പ്രതിരോധ ഇടപാടുകളില്‍ പങ്കാളിയാക്കാന്‍ സഹായിക്കാമെന്ന് നേതാവിന്റെ മകന്‍ വാക്ക് നല്‍കി.
പിതാവിന്റെ സ്വാധീനം ഉപയോഗിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നുവെന്നും താനുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പരടക്കം നല്‍കിയാണ് സരിതയുടെ പരാതി. ഖനനക്കേസിലും എംബിബിഎസ് പ്രവേശന അഴിമതിക്കേസിലും പ്രതിയായ ആളാണ് നേതാവിന്റെ മകനെ പരിചയപ്പെടുത്തിയത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പരിചയപ്പെടുത്താമെന്ന് ഉറപ്പുനല്‍കിയതും ഈ വ്യക്തിയാണെന്നും വ്യക്തമാക്കുന്ന പരാതിയില്‍ ഒരു ഡിവൈഎസ്പിയുടെയും അമേരിക്കന്‍ വ്യവസായിയുടെയും പേരുളളതായിട്ടാണ് വിവരം.

© 2024 Live Kerala News. All Rights Reserved.