‘അധികാരത്തിലെത്തും മുന്‍പ് ഗുജറാത്തില്‍ നേടിയത് 11% വോട്ട്, കേരളത്തിലുളളത് 15%’; യോഗങ്ങളില്‍ ഗുജറാത്ത് ആവര്‍ത്തിച്ചും നേതാക്കളെ ശാസിച്ചും അമിത് ഷാ

കേരളത്തിലെ ബിജെപി നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയും ശാസിച്ചും ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ അദ്ദേഹം പങ്കെടുത്ത യോഗങ്ങളിലൊക്കെ ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ മുതല്‍ താഴെതട്ടിലുളള നേതാക്കള്‍ വരെയുളളവരോട് ആവശ്യപ്പെട്ടത് പാര്‍ലമെന്റ്,നിയമസഭാ തെരഞ്ഞടുപ്പുകളില്‍ മുന്നേറ്റമുണ്ടാകണമെന്ന കാര്യമാണ്. അവസരത്തിനൊത്ത് കേരളത്തിലെ ബിജെപി നേതൃത്വം ഉയര്‍ന്നില്ലെങ്കില്‍ സംസ്ഥാന ഘടകത്തെ തഴയുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.
അധ്യക്ഷന്‍ എന്ന നിലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേറെ സംസ്ഥാനങ്ങളുണ്ടെന്ന കാര്യവും അമിത് ഷാ പറഞ്ഞു. കൊച്ചിയിലെ കോര്‍ കമ്മിറ്റി യോഗം, തിരുവനന്തപുരത്ത് നടന്ന വിവിധ തല യോഗങ്ങളിലൊക്കെ അമിത് ഷാ ആവര്‍ത്തിച്ചത് ഗുജറാത്തിലെ തെരഞ്ഞെടുപ്പിന്റെ കാര്യമാണ്. ഗുജറാത്തില്‍ അധികാരത്തിലെത്തും മുമ്പുളള തെരഞ്ഞെടുപ്പില്‍ 11 ശതമാനം വോട്ടും മഹാരാഷ്ട്രയില്‍ എട്ടു ശതമാനം വോട്ടുമാണ് നേടിയത്. അതുകൊണ്ട് 15 ശതമാനം വോട്ടുനേടിയ കേരളത്തിലും അത്ഭുതങ്ങള്‍ സംഭവിക്കാം. പക്ഷേ കഠിനാധ്വാനത്തിന് തയ്യാറകണമെന്നും അദ്ദേഹം പറഞ്ഞു.
മടങ്ങിപ്പോകും മുമ്പ് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരെ വിളിച്ചും കര്‍ശന താക്കീത് അമിത് ഷാ ആവര്‍ത്തിച്ചു. ഓരോ നേതാക്കളെയും പ്രവര്‍ത്തകരെയും കൊണ്ട് പാര്‍ട്ടിക്കായി പണിയെടുപ്പിക്കണം, പ്രസിഡന്റും സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറിയും ഓരോ ജില്ലയും അടിക്കടി സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസിലാക്കണം. ഇനി കേരളത്തില്‍ വരുന്നത് തന്റെ ജന്മദിനത്തിന്റെ അന്നാണ്. അന്നെങ്കിലും തന്നെക്കൊണ്ട് ചീത്ത പറയിപ്പിക്കരുത്. ഇനി ഒക്ടോബറിലാണ് അമിത് ഷാ കേരളത്തിലെത്തുന്നത്. തുടര്‍ന്ന് മൂന്നുമാസം കൂടുമ്പോഴെല്ലാം സന്ദര്‍ശനമുണ്ടാകുമെന്നും അദ്ദേഹം നേതാക്കളോട് വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.