കോഴിക്കോട് ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നു; രോഗലക്ഷണങ്ങളുമായി 1168 പേര്‍ ചികിത്സ തേടി; എച്ച് 1 എന്‍ 1 ബാധിച്ച് 4 മരണം

കോഴിക്കോട്: തിരുവനന്തപുരം ജില്ലയ്ക്ക് പിന്നാലെ ആശങ്കപടര്‍ത്തി കോഴിക്കോടും ഡെങ്കിപ്പനി പടരുന്നു. രോഗലക്ഷണങ്ങളുമായി ഇതുവരെ 1168 പേരാണ് ജില്ലയില്‍ ചികിത്സ തേടിയത്. 135 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ രണ്ട് പേര്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു. ഡിഫ്തീരിയയുടെ ലക്ഷണങ്ങളുമായി 45 പേര്‍ ജില്ലയില്‍ ചികിത്സയിലുണ്ട്.
കോഴിക്കോട് ജില്ലയില്‍ മാത്രം 72 എച്ച് 1 എന്‍ 1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ഇതില്‍ നാലുപേര്‍ മരിച്ചു. പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയാന്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി എന്ന് ആരോഗ്യവകുപ്പധികൃതര്‍ അറിയിച്ചു. സ്വകാര്യ ആശുപത്രികളിലുള്‍പ്പെടെ ആവശ്യമായ മരുന്ന് എത്തിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.
തിരുവമ്പാടി, ബാലുശ്ശേരി മണ്ഡലങ്ങളിലാണ് ഏറ്റവും കുടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തുടക്കം മുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലുണ്ടായ പാളിച്ചയാണ് ജില്ലയില്‍ രോഗം പടര്‍ന്നു പിടിക്കാന്‍ കാരണമായതെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി കോഴിക്കാേട് ഇന്ന് സര്‍വ്വകക്ഷിയോഗം ചേരുമെന്ന് എംഎല്‍എ ജോര്‍ജ് എം തോമസ് അറിയിച്ചു.

ഡെങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത കേരളത്തില്‍ കുടുതലാണെന്നും അതിനാല്‍ രോഗം പടര്‍ന്നു പിടിക്കാന്‍ കേരളത്തില്‍ കൂടുതല്‍ സാധ്യതയുണ്ടെന്നും ഡോ. ബി ഇക്ബാല്‍ പറഞ്ഞു. ഡെങ്കിപ്പനി പ്രതിരോധത്തിന് കൊതുക് നിയന്ത്രണമാണ് ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത്. ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകള്‍ പെരുകുന്നതാണ് രോഗം പടരാന്‍ കാരണം. ശുചിത്വത്തിനൊപ്പം പരിസര ശുചിത്വവും ഉറപ്പ് വരുത്തണം. പ്രായാധിക്യമുള്ളവരും മറ്റ് പ്രതിരോധ രോഗമുള്ളവരും രക്തസമ്മര്‍ദ്ദമുള്ളവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

© 2024 Live Kerala News. All Rights Reserved.