യെച്ചൂരിക്കായി ബംഗാള്‍ ഘടകം; രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിപ്പിക്കണമെന്ന് സംസ്ഥാന സമിതിയുടെ പ്രമേയം

കൊല്‍ക്കത്ത: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിപ്പിക്കണമെന്ന ആവശ്യവുമായി സിപിഐഎം ബംഗാള്‍ ഘടകം. ഇത് സംബന്ധിച്ച് ബംഗാള്‍ സംസ്ഥാന സമിതി പ്രമേയം അവതരിപ്പിച്ചു. കേന്ദ്രകമ്മിറ്റിക്ക് പ്രമേയം അയച്ചു. രണ്ട് തവണയെന്ന സിപിഐഎം കീഴ്‌വഴക്കവും ജനറല്‍ സെക്രട്ടറി മല്‍സരിക്കുന്ന രീതി ഒഴിവാക്കുക എന്ന നയവും ഇക്കുറി തിരുത്തണമെന്നാണ് ബംഗാള്‍ ഘടകത്തിന്റെ ആവശ്യം. പ്രമേയം കിട്ടിയാല്‍ പരിഗണിക്കുമെന്ന് കേന്ദ്രഘടകം അറിയിച്ചു.
സീതാറാം യെച്ചൂരി പശ്ചിമ ബംഗാളില്‍ നിന്നും രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിച്ചാല്‍ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. ഏപ്രില്‍ അഞ്ചിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി യെച്ചൂരി നടത്തിയ കൂടിക്കാഴ്ചയില്‍ രാഹുല്‍ കോണ്‍ഗ്രസിന്റെ ഓഫര്‍ മുന്നോട്ട് വെച്ചിരുന്നു. യെച്ചൂരിയല്ലാതെ മറ്റാരെയെങ്കിലുമാണ് സിപിഐഎം രാജ്യസഭയിലേക്ക് അയക്കാന്‍ നോക്കുന്നതെങ്കില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാവും കോണ്‍ഗ്രസ് ശ്രമിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സിപിഐഎം കീഴ്‌വഴക്കം അനുസരിച്ച് രണ്ട് തവണയിലധികം ഒരു പാര്‍ട്ടി മെംബറെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാറില്ല, ഇത് ലംഘിക്കാന്‍ തയ്യാറല്ലെന്ന് നേരത്തെ യെച്ചൂരി വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലക്ക് പാര്‍ട്ടി നയം സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും യെച്ചൂരി പറഞ്ഞിരുന്നു.

യെച്ചൂരി മത്സരിക്കുന്നില്ലെങ്കില്‍ മേല്‍സഭയില്‍ സിപിഐഎം പ്രാതിനിധ്യം നഷ്ടമാകും. 294 അംഗ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ 26 എംഎല്‍എമാര്‍ മാത്രമാണ് സിപിഐഎമ്മിനുള്ളത്. തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ രക്ഷിക്കാന്‍ സിപിഐഎമ്മിന് ഒറ്റക്ക് കഴിയില്ലെന്ന് ചുരുക്കം. ആറ് രാജ്യസഭാ സീറ്റുകളില്‍ അഞ്ചും തൃണമൂല്‍ കോണ്‍ഗ്രസിനാണ്. 211 എംഎല്‍എമാരുള്ള തൃണമൂല്‍ ഇത് നിലനിര്‍ത്തും

© 2024 Live Kerala News. All Rights Reserved.