കാണാതായ വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി; മലയാളി അടക്കമുളള പൈലറ്റുമാരെക്കുറിച്ച് വിവരമില്ല

മലയാളി ഉള്‍പ്പെടെ രണ്ട് പൈലറ്റുമായി ചൈനാ അതിര്‍ത്തിക്ക് സമീപം കാണാതായ വ്യോമസേനയുടെ സുഖോയ് -30 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഉള്‍വനത്തില്‍ നിന്നാണ് വിമാനഭാഗം കണ്ടെത്തിയത്. അതേസമയം, വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇവര്‍ക്കായി ഉള്ള തിരച്ചില്‍ തുടരുകയാണ്.
ഈ മാസം 23 ന് രാവിലെ 9.30ന് അസമിലെ തേസ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന വിമാനംഅരുണാചല്‍ പ്രദേശിലെ ഡോലാസാങ് മേഖലയിലാണ് കാണാതായത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണിത്. അവസാന സന്ദേശം 11.30ന് ആണ് വിമാനത്തില്‍ നിന്ന് ലഭിച്ചത്. സാധാരണ പരിശീലന പറക്കലിന് ഇടയിലാണ് വിമാനം കാണാതായത്. തേസ്പൂരിന് 60 കിലോമീറ്റര്‍ വടക്ക് പറക്കുന്നതിന് ഇടയിലാണ് സുഖോയ്- 30 വിമാനവുമായുള്ള ബന്ധം നഷ്ടമായത്. റഡാര്‍ ബന്ധവും റേഡിയോ ബന്ധവും നഷ്ടമായതായുമെന്ന് വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

ചൈനാ അതിര്‍ത്തിയില്‍ നിന്നും 172 കിലോമീറ്റര്‍ ദൂരെയാണ് തേസാപൂര്‍ വ്യോമതാവളം. സുഖോയ് വിമാനങ്ങളുടെ കാലപ്പഴക്കത്തെ ചൊല്ലി നേരത്തെ വിവാദം ഉയര്‍ന്നിരുന്നു. അപകടത്തിനു കാരണം യന്ത്ര തകരാറാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി ചൈന സൈനിക വിന്യാസം ശക്തമാക്കിയിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ രാജസ്ഥാനിലെ ബാമറില്‍ സുഖോയ് 30 വിമാനം തകര്‍ന്ന് വീണിരുന്നു. രണ്ട് പൈലറ്റുമാരും പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു. രാജസ്ഥാനിലെ മൂന്നാമത്തെ സുഖോയ് വിമാന അപകടമായിരുന്നു അത്. റഷ്യയില്‍ നിന്നും ഇന്ത്യ സ്വന്തമാക്കിയ പോര്‍വിമാനമാണ് സുഖോയ്-30.

© 2022 Live Kerala News. All Rights Reserved.