സിബിഎസ്ഇ കോടതി വിധിക്കെതിരെ സുപ്രീംകോടതിയിലേക്കില്ല; പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഉടന്‍ പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: മോഡറേഷന്‍ തുടരണമെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സിബിഎസ്ഇ സുപ്രീം കോടതിയെ സമീപിക്കില്ല.ഇതോടെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഠിനമായ ചോദ്യങ്ങള്‍ക്ക് മോഡറേഷന്‍ അനുവദിക്കണമെന്ന ഡല്‍ഹി ഹെെക്കോടതി വിധിയെ തുടര്‍ന്ന് ഫലം വെെകുന്നുവെന്ന് കാണിച്ച് സുപ്രീം കോടതിയെ സമീപിക്കാന്‍ സിബിഎസ്ഇ നേരത്തെ തീരുമാനിച്ചിരുന്നു.
കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മോഡറേഷന്‍ തുടരണമെന്ന് ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കേണ്ടതില്ലെന്ന് സിബിഎസ്ഇ തീരുമാനിച്ചതെന്നാണ് സൂചന. സുപ്രീം കോടതിയെ സമീപിച്ച് ഫല പ്രഖ്യാപനം കൂടുതല്‍ സങ്കീര്‍ണമാക്കേണ്ടതില്ലെന്ന് വിദഗ്ധ നിയമോപദേശവും സിബിഎസ്ഇയ്ക്ക് ലഭിച്ചിരുന്നു. ഫലം വൈകുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ രീതിയിലുള്ള ആശങ്കയുണ്ടായിരുന്നു. ഫലം ഇനിയും വൈകിയാല്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തെ തന്നെ ബാധിക്കുന്ന അവസ്ഥയുണ്ടാകുമെന്ന് വിദ്ഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

നേരത്തെ കൂടുതല്‍ കഠിനമായ ചോദ്യങ്ങള്‍ക്ക് മോഡറേഷന്‍ അനുവദിക്കാന്‍ സിബിഎസ്ഇ തീരുമാനിച്ചിരുന്നു. പരീക്ഷ നടപടികള്‍ തുടങ്ങിയതിനു ശേഷമാണ് മോഡറേഷന്‍ നല്‍കേണ്ടതില്ല എന്ന തീരുമാനത്തില്‍ സിബിഎസ്ഇ എത്തിയത്. ഇത് കളി തുടങ്ങിയതിനു ശേഷം ഗോള്‍ പോസ്റ്റ് മാറ്റുന്നതിന് തുല്യമാണെന്നാണ് ഹൈക്കോടതി വിലയിരുത്തിയത്.10,678 സ്കൂളുകളില്‍ നിന്നായി 10,98,891 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്.

© 2022 Live Kerala News. All Rights Reserved.