ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളോട് കോടതിയില്‍ ഹാജരാകണമെന്ന് സിബിഐ പ്രത്യേക കോടതി ഉത്തരവിട്ടു. ഉമാ ഭാരതി, വിനയ് കത്യാര്‍ എന്നിവരും കേസിലുള്‍പ്പെട്ട മറ്റ് ബി.ജെ.പി നേതാക്കളും വെള്ളിയാഴ്ച കോടതിക്കു മുന്നില്‍ ഹാജരാകണമെന്നാണ് ഉത്തരവ്. അതേസമയം, നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നേരത്തെ അപേക്ഷ നല്‍കിയിരുന്നു.
ഇവര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കാന്‍ സുപ്രീംകോടതി കഴിഞ്ഞമാസം നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിറകെയാണ് കേസില്‍ വാദം കേള്‍ക്കുന്ന പ്രത്യേക സി.ബി.ഐ കോടതി പുതിയ വകുപ്പുകള്‍ കൂടി ചേര്‍ക്കാന്‍ ഒരുങ്ങുന്നത്. ബുധനാഴ്ച വാദം കേള്‍ക്കല്‍ പുനരാരംഭിച്ച കോടതി ശിവസേന എം.പി സതീഷ് പ്രധാന് ജാമ്യം അനുവദിച്ചു. കോടതിയില്‍ കീഴടങ്ങിയ പ്രധാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ശേഷമാണ് ജാമ്യം നല്‍കിയത്. ശനിയാഴ്ചയും തിങ്കളാഴ്ചയും ഹാജരാകാതിരുന്ന ശിവസേന നേതാവ് ബുധനാഴ്ച കീഴടങ്ങിയ ഉടന്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിച്ചാണ് നടപടി. മഹാരാഷ്ട്രയിലെ താനെ നഗരസഭ മുന്‍ മേയറായ പ്രധാന്‍ 1992നുശേഷം രണ്ടുതവണ രാജ്യസഭയിലും പാര്‍ട്ടിയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്.
അഞ്ച് വിഎച്ച്പി നേതാക്കള്‍ക്ക് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. രാംവിലാസ് വേദാന്തി, ചമ്പത്ത് റായി, ബൈക്കുന്ത് ലാല്‍ ശര്‍മ, മഹന്ത് നൃത്യഗോപാല്‍ ദാസ്, ധര്‍മദാസ് മഹാരാജ് എന്നിവര്‍ക്കാണ് മേയ് 20ന് ജാമ്യം നല്‍കിയത്.കഴിഞ്ഞ മാസം 19നാണ് അദ്വാനിക്ക് പുറമെ കേന്ദ്രമന്ത്രി ഉമാ ഭാരതി, മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്കെതിരായ കേസ് ഒരുമാസത്തിനകം പുനരാരംഭിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. രണ്ടുവര്‍ഷത്തിനകം വിധി പറയണമെന്നും ഉത്തരവിട്ടു.
1992 ഡിസംബര്‍ ആറിനാണ് ലോകമനസാക്ഷിയെ ഞെട്ടിച്ച ബാബരി മസ്ജിദ് ധ്വംസനം അരങ്ങേറിയത്. ബിജെപി നേതാക്കളുടെ നിര്‍ദേശപ്രകാരമെത്തിയ ലക്ഷകണക്കിന് കര്‍സേവകരുടെ നേതൃത്വത്തിലായിരുന്നു ബാബരി മസ്ജിസ് തകര്‍ത്തത്. തുടര്‍ന്ന് 2010 സെപ്റ്റംബര്‍ 30നാണ് ഈ വിഷയത്തില്‍ അലഹബാദ് ഹൈകോടതി വിധി പുറപ്പെടുവിച്ചത്. രാമന്റെ ജന്മസ്ഥലമാണ് ബാബരി മസ്ജിദ് നിലനിന്ന പ്രദേശമെന്നും ക്ഷേത്രം പൊളിച്ചാണ് ഇവിടെ മസ്ജിദ് നിര്‍മിച്ചതെന്നും കോടതി നിരീക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ, തര്‍ക്കഭൂമിയിലെ മൂന്നില്‍ രണ്ട് ഭാഗം ഹിന്ദുവിഭാഗത്തിന് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതോടെ, കേസ് സുപ്രിംകോടതിയിലത്തെി. തല്‍സ്ഥിതി നിലനിര്‍ത്താനായിരുന്നു 2013 ജനുവരി 27ന് സുപ്രിംകോടതി നല്‍കിയ നിര്‍ദേശം.