തിരുവനന്തപുരത്ത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനെതിരെ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുവമോര്‍ച്ച പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും. പ്രതിഷേധത്തിനായി യുവമോര്‍ച്ചയ്ക്ക് അനുവദിച്ച സ്ഥലത്തേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയതാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് അറിയുന്നത്.
തുടര്‍ന്ന് കൈയാങ്കളിയിലേക്ക് നീങ്ങിയ ഇരുവിഭാഗത്തിലെയും പ്രവര്‍ത്തകരെ പൊലീസ് ഇടപെട്ടാണ് ശാന്തരാക്കിയത്. പോസ്റ്ററുകള്‍ വലിച്ചുകീറിയും പരസ്പരം കുപ്പികളും വടികളും എറിഞ്ഞുമാണ് ഇവര്‍ പ്രകോപനം സൃഷ്ടിച്ചത്. ഇന്നലെ വൈകിട്ട് ആറുമുതലാണ് യൂത്ത് കോണ്‍ഗ്രസിന്റെയും യുവമോര്‍ച്ചയുടെയും സെക്രട്ടറിയേറ്റ് വളഞ്ഞുളള രാപ്പകല്‍ സമരം ആരംഭിച്ചത്. സെക്രട്ടറിയേറ്റ് ജീവനക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് ഇവര്‍ പറയുന്നതും.
സെക്രട്ടറിയേറ്റിന്റെ സമരഗേറ്റ് എന്നറിയപ്പെടുന്ന നോര്‍ത്ത് ഗേറ്റിനുമുന്നില്‍ ഇരുകൂട്ടര്‍ക്കും ഇടം വേണമെന്ന വാശിയില്‍ ഇന്നലെ രാത്രി മുതല്‍ ചെറിയ രീതിയിലുളള വാക്കേറ്റങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് പൊലീസെത്തിയാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്.