‘കോണ്‍ഗ്രസുമായുള്ള സഖ്യം ആത്മഹത്യാപരം; സഖ്യം വേണ്ടെന്നത് സിപിഐഎം കേരളാ ഘടകത്തിന്റെ മാത്രം നിലപാടല്ല’; ആന്റണിയെ തള്ളി കോടിയേരി

കോണ്‍ഗ്രസുമായുള്ള സഖ്യം ആത്മഹത്യാപരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നത് സിപിഐഎം കേരളാ ഘടകത്തിന്റെ മാത്രം നിലപാടല്ലെന്നും കോടിയേരി പറഞ്ഞു. ബിജെപിക്കെതിരായ വിശാല സഖ്യത്തിന് എതിര് നില്‍ക്കുന്നത് സിപിഐഎം കേരളാ ഘടകമാണെന്ന കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ പരാമര്‍ശത്തിലാണ് കോടിയേരിയുടെ മറുപടി.
ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയാണെന്നും കോടിയേരി പരിഹസിച്ചു.
ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലാണെങ്കിലും ദേശീയ തലത്തില്‍ ബിജെപിക്കെതിരായ വിശാല സഖ്യത്തിന് തടസം നില്‍ക്കുന്നത് സിപിഐഎമ്മിന്റെ കേരളഘടകമാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞിരുന്നു. കേരളത്തില്‍ തര്‍ക്കം തുടര്‍ന്നോട്ടെ. ദേശീയതലത്തില്‍ സിപിഐഎം സഹകരിക്കണമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞിരുന്നു.

സിപിഐഎമ്മിന്റെ ബംഗാള്‍ നേതാക്കളും സിപിഐയും സഖ്യത്തിന് അനുകൂലമാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിനായി കോണ്‍ഗ്രസ് എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണ്. സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസുകാരനായിരിക്കണമെന്ന നിര്‍ബന്ധമില്ലെന്നും ആന്റണി വ്യക്തമാക്കിയിരുന്നു. ബിജെപിക്കെതിരെ വിശാലഐക്യം വേണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വവും പറഞ്ഞു. ആന്റണിയുടെ അഭിപ്രായത്തിനുളള ബിനോയ് വിശ്വത്തിന്റെ പ്രതികരണമങ്ങനെയായിരുന്നു.

© 2023 Live Kerala News. All Rights Reserved.