മാഞ്ചസ്റ്ററില്‍ പോപ് ഗായിക അരിയാനയുടെ പരിപാടിക്കിടെ സ്‌ഫോടനം; 19 പേര്‍ കൊല്ലപ്പെട്ടു; 50ലേറെ പേര്‍ക്ക് പരിക്ക്; ഭീകരാക്രമണമെന്ന് പൊലീസ് WORLD May 23, 2017, 7:25 am

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സംഗീതപരിപാടിക്കിടെ വന്‍ സ്‌ഫോടനം. ആയിരക്കണക്കിനുപേരുണ്ടായിരുന്ന വേദിയിലുണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം രാത്രി പത്തരയോടെയാണ് സംഭവം.

അമേരിക്കന്‍ പോപ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീത പരിപാടിക്കിടെയാണ് സ്‌ഫോടനമുണ്ടാകുന്നത്. ഭീകരാക്രമണമെന്നാണ് പൊലീസ് നല്‍കുന്ന സൂചനകള്‍. രണ്ടുതവണ സ്‌ഫോടനശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്‌ഫോടനത്തെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ വിക്ടോറിയ സ്‌റ്റേഷന്‍ അടച്ചു.