പെമ്പിളൈ ഒരുമൈയില്‍ തര്‍ക്കം തുടരുന്നു; പാര്‍ട്ടി ഓഫിസ് ഗോമതിപക്ഷം പിടിച്ചെടുത്തു; ഓഫിസ് വിട്ടുകിട്ടണമെന്ന ആവശ്യവുമായി ലിസി രംഗത്ത്

മൂന്നാര്‍: പൊമ്പിളൈ ഒരുമൈയിലെ മൂന്നാര്‍ ഓഫീസിനെ ചൊല്ലി തര്‍ക്കം. ഗോമതിപക്ഷവും ലിസി പക്ഷവും തമ്മിലാണ് തര്‍ക്കം. ഗോമതി പക്ഷം അടച്ചുപൂട്ടിയ ഓഫീസ് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ലിസി പക്ഷം പൊലീസില്‍ പരാതി നല്‍കി. ഗോമതി പൊമ്പിളൈ ഒരുമൈയുടെ ഓഫീസ് അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുകയാണെന്നും ഓഫീസ് ഉടന്‍ വിട്ടുകിട്ടണമെന്നുമാണ് ആവശ്യം. ഓഫീസില്‍ നിന്ന് വിലപിടിപ്പുള്ള പല വസ്തുക്കളും രേഖകളും കാണാതെയെന്നും ലിസി പരാതിയില്‍ പറയുന്നു.
എംഎം മണിയുടെ വിവാദ പ്രസംഗത്തെ തുടര്‍ന്ന മണി രാജിവെക്കണം എന്നാവശ്യപ്പെട്ട് ഗോമതിയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ സമരം നടന്നിരുന്നു. ഈ സമയത്ത് പൊമ്പിളൈ ഒരുമൈയുടെ ഓഫീസ് ഗോമതിയുടെ നേതൃത്വത്തില്‍ മറ്റൊരു താളിട്ട് പൂട്ടി നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ഗോമതിയുടെ സമരത്തിന് പിന്തുണ നല്‍കി ആം ആദ്മി നേതാക്കളും സമരപന്തലില്‍ എത്തിയിരുന്നു.
ശനിയാഴ്ച്ച ഓഫീസിലെത്തിയപ്പോഴാണ് ഓഫീസ് മറ്റൊരു താളിട്ട് പൂട്ടിയത് ലിസിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഓഫീസ് തുറക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് ലിസിപക്ഷം ഗോമതിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. പ്രവര്‍ത്തകരോട് ആവശ്യമായ രേഖകളുമായി സ്റ്റേഷനിലെത്താന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

താക്കോല്‍ ലഭിച്ച് ഓഫീസ് പരിശോധിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകു എന്ന് മൂന്നാര്‍ എസ്‌ഐ പറഞ്ഞു. ചൊവ്വാഴ്ച്ച രേഖകളുമായി ഹാജരാകാനാണ് പൊലീസ് നിര്‍ദേശം .

© 2022 Live Kerala News. All Rights Reserved.