കൊലപാതകത്തെ ആരും ന്യായീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി; അഫ്‌സ്പയെന്ന ബിജെപി നിലപാടില്‍ യോജിപ്പില്ല; ഗവര്‍ണര്‍ നിര്‍വ്വഹിച്ചത് ഭരണഘടനാ ചുമതല

തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതകത്തെ ആരും ന്യായീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും. പയ്യന്നൂരിലെ കൊലപാതകം ദൗര്‍ഭാഗ്യകരവും അപലപനീയവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. രാഷ്ട്രീയ സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിക്കേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താനുള്ള ശ്രമങ്ങള്‍ തുടരും.
കണ്ണൂരില്‍ അഫ്‌സ്പ കൊണ്ടുവരണമെന്ന ബിജെപി നിലപാടിനോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അഫ്‌സ്പ നടപ്പാക്കിയ എല്ലായിടങ്ങളിലും പൗരാവകാശ ലംഘനമാണ് നടന്നത്. അതിനാല്‍ അത് കേരളത്തിലേക്ക് കൊണ്ടുവരണമെന്ന ബിജെപി നിലപാടില്‍ യോജിപ്പില്ല. സിപിഎം പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്നാണ് പൊലീസിനു കിട്ടിയ മൊഴിയെന്നു പറഞ്ഞ മുഖ്യമന്ത്രി ഉത്തരാവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പറഞ്ഞു.

ഗവര്‍ണര്‍ നിര്‍വ്വഹിച്ചത് ഭരണഘടനാപരമായ ചുമതലയാണെന്നും ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്ന ബിജെപി നയം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി ഗവര്‍ണര്‍ക്ക് നല്‍കിയ പരാതി സര്‍ക്കാരിന് കൈമാറിയതിനാണ് നേതാക്കള്‍ ഗവര്‍ണര്‍ക്കെതിരെ രംഗത്ത് വന്നത്. സര്‍ക്കാരിന് പരാതി കൈമാറിയതിലൂടെ ഭരണഘടനാപരമായ ചുമതലയാണ് നിറവേറ്റിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.