കണ്ണൂരില്‍ ‘അഫ്സ്പ’ ഏര്‍പ്പെടുത്തണമെന്ന് ഗവര്‍ണറോട് ബിജെപി; മുഖ്യമന്ത്രിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വകവെയ്ക്കുന്നില്ലെന്ന് ഒ രാജഗോപാല്‍

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയില്‍ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈനികര്‍ക്ക് പ്രത്യേകാധികാരം നല്‍കുന്ന അഫ്സ്പ ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് ബിജെപി. ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ പി സദാശിവത്തെ സന്ദര്‍ശിച്ചാണ് അഫ്സ്പ കേരളത്തിലേക്കും കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടിയിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. കണ്ണൂരില്‍ അക്രമങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് സമാധാന ചര്‍ച്ചകളില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടും സിപിഐഎം അട്ടിമറിച്ചുവെന്നും രാജഗോപാല്‍ ആരോപിച്ചു.
കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ വകവെയ്ക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ സൈനികര്‍ക്ക് പ്രത്യേകാധികാരം നല്‍കുന്ന ആംഡ് ഫോഴ്സസ് സ്പെഷ്യല്‍ പവേഴ്സ് ആക്ട്(അഫ്സ്പ) കേരളത്തിലേക്ക് ഇറക്കുമതി ചെയ്യണമെന്നുമാണ് ബിജെപിയുടെ ആവശ്യം. ഗവര്‍ണര്‍ അധികാരം ഉപയോഗിക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് രാജ്ഭവനില്‍ ഒ രാജഗോപാല്‍ എംഎല്‍എ എത്തിയത്.
ബിജെപി പ്രവര്‍ത്തകരെ കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും രാജഗോപാല്‍ ആരോപിച്ചു. സമാധാനപരമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ് കണ്ണൂരില്‍ ഉള്ളത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട സംഭവത്തെ ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ കണ്ണൂരില്‍ 14 രാഷട്രീയ കൊലപാതകങ്ങളുണ്ടായി. അതില്‍ 13 തവണയും ജീവന്‍ നഷ്ടപ്പെട്ടത് ബിജെപി പ്രവര്‍ത്തകര്‍ക്കാണെന്നും രാജഗോപാല്‍ ഗവര്‍ണറെ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.