ന്യൂ ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി. ആദായ നികുതി വകുപ്പിന്റെ അന്വേഷണം നേരിടണമെന്നാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. സോണിയ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും ഉടമസ്ഥതയിലുള്ള യംങ് ഇന്ത്യന്‍ കമ്പനിക്കെതിരെയാണ് കേസ്. നാഷണല്‍ ഹെറാള്‍ഡിന്റെ ആസ്തി യംങ് ഇന്ത്യന്‍ കമ്പനിയിലേക്ക് മാറ്റിയതിലാണ് അഴിമതി നടന്നതായി ആരോപണം ഉയര്‍ന്നത്. ഇതില്‍ ആദായ നികുതി വകുപ്പ് അന്വേഷണം നടത്താനാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവ്.
കോണ്‍ഗ്രസ് അധ്യക്ഷയ്ക്കും ഉപധ്യക്ഷനും കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ്.
സോണിയയും രാഹുലുമടക്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ആറ് പേരാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. സ്വാതന്ത്രലബ്ധിക്ക് മുമ്പ് ജവഹര്‍ലാല്‍ നെഹ്‌റു ആരംഭിച്ച നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ സ്വത്ത്, സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഓഹരി പങ്കാളിത്തമുള്ള യങ് ഇന്ത്യന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനം ഏറ്റെടുത്തതില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് സുബ്രഹ്മണ്യന്‍ സ്വാമിയാണ് ആദ്യമായി കോടതിയെ സമീപിച്ചത്. നിയമവിരുദ്ധമായി യംഗ് ഇന്ത്യന്‍സ് എന്ന നിഴല്‍ കമ്പനിയുണ്ടാക്കി 300 മില്യണ്‍ ഡോളര്‍ വരുന്ന അസോസിയേറ്റഡ് ജേര്‍ണലിന്റെ സ്വത്ത് നേടിയെടുക്കാന്‍ ശ്രമിച്ചുവെന്നതാണ് കേസ്.
1938ല്‍ ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയ പത്രമാണ് നാഷണല്‍ ഹെറാള്‍ഡ്. സ്വാതന്ത്ര്യ സമരത്തില്‍ മുഖ്യ പങ്കുവഹിച്ച പത്രം സ്വാതന്ത്ര്യാനന്തരം കെടുകാര്യസ്ഥതയുടെയും അലംഭാവവും കാരണം പ്രതിസന്ധിയിലാകുകയായിരുന്നു. നഷ്ടത്തിലായതിനെ തുടര്‍ന്ന് 2008ല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് പത്രം പ്രസിദ്ധീകരണം നിര്‍ത്തിയത്.
നാഷണല്‍ ഹെറാള്‍ഡിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന് (എജെഎല്‍) കോണ്‍ഗ്രസ് 90.25 കോടി രൂപ വായ്പ അനുവദിച്ചിരുന്നു. എന്നാല്‍ 2010 ഡിസംബര്‍ 28ന് കമ്പനി സോണിയയുടെയും രാഹുലിന്റെയും കീഴിലുള്ള ചാരിറ്റി സ്ഥാപനമായ യങ് ഇന്ത്യയ്ക്ക് കൈമാറുമ്പോള്‍ കമ്പനിയുടെ വായ്പ 50 ലക്ഷമാണെന്നാണ് കാണിച്ചിരിക്കുന്നത്. ഇത് വിശ്വാസ വഞ്ചനയാണെന്ന് സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നു. എജെഎല്ലിന് 2000 കോടിയുടെ സമ്പത്തുണ്ടെന്നിരിക്കെ 90 കോടി രൂപ എന്തിന് എഴുതിത്തള്ളണമെന്നും ചോദ്യം ഉയര്‍ന്നു.