ജയ്പൂര്‍: രാജസ്ഥാനില്‍ വിവാഹവേദിയുടെ മതിലിടിഞ്ഞ് വീണ് നാലു കുട്ടികളടക്കം 26 മരണം. 28 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 11 പേര്‍ പുരുഷന്മാരും ഏഴു പേര്‍ സ്ത്രീകളുമാണ്. ശക്തമായ കാറ്റടിച്ചതാണ് മതിലിടിഞ്ഞ് വീഴാന്‍ കാരണമെന്ന് ഐ.ജി അലോക് വസിഷ്ട അറിയിച്ചു. ഭരത്പുര്‍ ജില്ലയില്‍ ബുധനാഴ്ച രാത്രിയാണ് അപകടം നടന്നത്.
സെവാര്‍ റോഡില്‍ അന്നപൂര്‍ണ മാരേജ് ഗാര്‍ഡനിലെ ഹാളില്‍ വിവാഹ ചടങ്ങ് നടക്കുന്നതിനിടെ ഒരു ഭാഗം കാറ്റ് ആഞ്ഞടിച്ചതിനെ തുടര്‍ന്ന അടര്‍ന്ന് വീഴുകയായിരുന്നു. 90 അടി നീളവും 13 അടി ഉയരവുമുള്ള മതില്‍ സമീപത്ത് നിര്‍മിച്ച ഷെഡിന് മുകളിലേക്കാണ് തകര്‍ന്നു വീണത്. ഷെഡിനുള്ളില്‍ കുടങ്ങി കിടന്നവരാണ് മരിച്ചവരില്‍ ഏറെയും. ഈ ഷെഡിലാണ് ഭക്ഷണവിതരണത്തിനുള്ള സ്റ്റാളുകള്‍ ഒരുക്കിയിരുന്നത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഗുരുതര പരുക്കേറ്റയാളെ ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ ഇനിയും കുടുങ്ങികിടക്കുന്നതായി സംശയമുണ്ട്. പൊടിക്കാറ്റിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. സംസ്ഥാന ദുരന്ത നിവവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തെത്തി. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി വസുന്ധര രാജെ പരിക്കേറ്റവര്‍ക്ക് ചികില്‍സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി.